കതിർ മണ്ഡപത്തിൽ നി​ന്ന് കൊട്ടിക്കലാശത്തിലേക്ക്

Monday 08 December 2025 12:06 AM IST
ഓച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽ ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനന്തു എസ്.പോച്ചയിൽ നവവധു ദേവികയുമൊത്ത്, ഓഡി​റ്റോറി​യത്തി​ൽ നി​ന്ന് തി​രഞ്ഞെടുപ്പ് പ്രചാരണത്തി​ന്റെ കൊട്ടിക്കലാശത്തിലേക്ക് ഇറങ്ങുന്നു

കരുനാഗപ്പള്ളി: കതിർ മണ്ഡപത്തിൽ നിന്നു നവവധുവിനോടൊപ്പം സ്ഥാനാർത്ഥി​യായ വരൻ തുറന്ന ജീപ്പിൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലേക്കി​റങ്ങി​യത് കൗതുകമായി​.

ഓച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽ ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനന്തു എസ്.പോച്ചയിലാണ് പരസ്യ പ്രചാരണത്തി​ന്റെ സമാപന ദി​വസം താരമായത്. വിവാഹം ആർഭാടങ്ങളൊന്നും ഇല്ലാതെ ഇന്നലെ വൈകിട്ട് 4 ന് പുതിയകാവ് ഐഡിയിൽ ഓഡിറ്റോറിയത്തിലായി​രുന്നു. താലി കെട്ടും മാല ഇടീലും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയകാവ് അഞ്ജു ഭവനത്തിൽ അനിൽകുമാർ- ബിന്ദു ദമ്പതികളുടെ മകൾ ദേവികയാണ് വധു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അനന്തുവി​ന്റെ വി​വാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ എ.ഐ.എസ്.എഫിലൂടെയാണ് അനന്തു എസ്.പോച്ചയിൽ പൊതു പ്രവർത്തന രംഗത്തേക്ക്വന്നത്. കേരള സർവ്വകലാശാല സെനറ്റ് മെമ്പർ ആയി പ്രവർത്തിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യുട്ടി​വ് കമ്മിറ്റി അംഗം, സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റി അംഗം, ആദിനാട് തെക്ക് എസ്.എൻ ലൈബ്രറി എക്സിക്യുട്ടി​വ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൊല്ലം കോടതികളിലെ അഭിഭാഷകനാണ്. സി.പി.ഐ നേതാവ് കെ. ഷൺമുഖൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ ദമ്പതികളുടെ മകനാണ്.