കുരീപ്പുഴയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു
കൊല്ലം: അഷ്ടമുടി കായൽ തീരത്തെ കെട്ടിയിട്ടിരുന്ന 11മത്സ്യബന്ധന ബോട്ടുകളും ഒരു ഫൈബർ വള്ളവും ഇന്നലെ പുലർച്ചെ കത്തിനശിച്ചു. ആളപായമില്ല. സമീപവാസിയും മത്സ്യത്തൊഴിലാളിയുമായ റോബർട്ട് ചങ്ങല പൊട്ടിച്ച് എട്ട് ബോട്ടുകൾ മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവാക്കാനായി. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോയിക്കൽ ക്ഷേത്രത്തിന് വടക്ക് ചിറ്റപ്പനഴികത്ത് കായൽവാരത്ത് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മത്സ്യബന്ധന വലയും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ ഒരു ബോട്ടിന് 70 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ബോട്ടുകളിൽ ആരുമുണ്ടായിരുന്നില്ല. കാരണം വ്യക്തമല്ല. അതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഗ്നി പടർന്നത് തീവ്രത കൂട്ടി. ഫയർഫോഴ്സ് തീ അണയ്ക്കുന്നതിനിടെ നാല് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.
സ്വകാര്യ പുരയിടത്തോടു ചേർന്നാണ് ബോട്ടുകൾ കെട്ടിയിട്ടിരുന്നത്. നീണ്ടകര,കണ്ണൂർ സ്വദേശികളുടെ രണ്ട് ബോട്ടുകളും ബാക്കിയുള്ളവ തിരുവനന്തപുരം സ്വദേശികളുടേതുമാണ്. 6 - 7 തൊഴിലാളികൾ ജോലി ചെയ്തിരുന്ന ബോട്ടുകളാണിവ. സമീപവാസിയായ ഡാലിയ പൊട്ടിത്തെറി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ബോട്ടുകൾ കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെയും അയൽവാസിയായ റോബർട്ടിനെയും മറ്റും വിവരം അറിയിച്ചു. ബോട്ട് ഓടിച്ച് പരിചയമുള്ള റോബർട്ട് ചുറ്രിക ഉപയോഗിച്ച് പൂട്ട് തകർത്ത് എട്ടുബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അപ്പോഴേക്കും പതിനൊന്ന് ബോട്ടുകൾക്ക് തീ പിടിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബോട്ടുകൾ ഇവിടെ കെട്ടിയിട്ടത്. തൊഴിലാളികൾ തദ്ദേശതിരഞ്ഞെടുപ്പ് പ്രമാണിച്ച് നാട്ടിലേക്ക് പോയിരുന്നു. ഏത് ബോട്ടിനാണ് ആദ്യം തീപിടിച്ചത് എന്നതിൽ വ്യക്തതയില്ല. ചാമക്കടയിൽ നിന്ന് ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിൽ ആദ്യം രണ്ട് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തെത്തി. എന്നാൽ വലിയ വാഹനത്തിന് കടന്നു ചെല്ലാനാകാത്തതിനാൽ ഫയർഫോഴ്സിന്റെ ചെറിയ വാഹനങ്ങളെത്തിച്ചു. ഇതിനിടെ കൊല്ലം,കൊട്ടാരക്കര,കരുനാഗപ്പള്ളി,ചവറ,കായംകുളം എന്നിവിടങ്ങളിൽ നിന്ന് 12 യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിനെത്തി. ഫ്ലോട്ടിംഗ് പമ്പ് ഉപയോഗിച്ച് 36ഫയർഫോഴ്സ് ജീവനക്കാർ ആറു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും കെടുത്താനായത്. ജില്ലാ ഫയർ ഓഫീസർ എൻ.രാമകുമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ഫോറൻസിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമായ കാരണം അറിയാനാവൂ. മന്ത്രി ജെ.ചിഞ്ചുറാണി,കളക്ടർ എൻ.ദേവീദാസ്, കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ,കൊല്ലം എ.സി.പി എസ്.ഷെരീഫ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.