125 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനാവില്ല
□തിരഞ്ഞെടുപ്പ് ഡ്യൂട്ടി അറിഞ്ഞത് ഇന്നലെ
ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടി അറിയിപ്പ് വരാൻ വൈകിയതോടെ വോട്ടവകാശം നഷ്ടമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള എം.വി.ഡി ഉദ്യോഗസ്ഥരുടെ പട്ടിക ഇന്നലെയാണ് വന്നത്. ഔദ്യോഗികമായി ഡ്യൂട്ടിക്ക് ഹാജരാകണമെന്ന അറിയിപ്പ് ആർക്കും ലഭിച്ചിട്ടുമില്ല.
ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെയും അവർ ഹാജരാകേണ്ട പോളിംഗ് സ്റ്റേഷനുകളുടെയും പട്ടികയാണ് ഇന്നലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വന്നത്. മലപ്പുറത്തു നിന്നുള്ള 25 ഉദ്യോഗസ്ഥർക്കും ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ഇവർ പുറപ്പെട്ടു കഴിഞ്ഞു. പോസ്റ്റൽ ബാലറ്റ് നൽകാനുള്ള അവസാന ദിവസം ആറിന് കഴിഞ്ഞതിനാൽ ഇതിനുള്ള അവസരവും നഷ്ടമായി. 125 ഉദ്യോഗസ്ഥർക്കാണ് ജില്ലയിൽ ഡ്യൂട്ടിയുള്ളത്.
ആലപ്പുഴയിലെ ഡ്യൂട്ടി കഴിഞ്ഞാൽ ജില്ലയിലെ ഉദ്യോഗസ്ഥർ പാലക്കാട്ടേക്ക് പോകണം. . എം.വി.ഡിയിൽ സി.ഐ, എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് സി.പി.ഒ റാങ്കിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.