അഞ്ച് ലക്ഷം കാറുകളുടെ വിൽപ്പനയുമായി സ്‌കോഡ
കൊച്ചി: ഇന്ത്യയിൽ അഞ്ച് ലക്ഷം കാർ വിൽപ്പനയെന്ന നാഴികക്കല്ല് സ്‌കോഡ ഓട്ടോ ഇന്ത്യ കൈവരിച്ചു. നവംബറിൽ 5,491 കാറുകൾ വിറ്റഴിച്ച് മുൻ വർഷത്തേക്കാൾ 90 ശതമാനം വളർച്ചയുമായി കമ്പനി മികച്ച മുന്നേറ്റം നടത്തി.
രാജ്യത്ത് 180 നഗരങ്ങളിലായി 320ലധികം കസ്റ്റമർ ടച്ച് പോയിന്റുകൾ സ്‌കോഡ വിപുലീകരിക്കും. വിവിധ ബ്രാൻഡ് പോർട്ട്‌ഫോളിയോ, ഉപഭോക്തൃ ഓഫറുകൾ, പാക്കേജുകൾ തുടങ്ങിയവയിലൂടെ ഏറ്റവും വലിയ വാർഷിക വളർച്ച നിലനിറുത്താൻ ഒരുങ്ങുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ.
ആഗോളതലത്തിൽ 130 വർഷത്തെ പൈതൃകവും ഇന്ത്യയിൽ 25 വർഷത്തെ ചരിത്രവുമുള്ള ഒക്‌ടേവിയയാണ് പാരമ്പര്യത്തിന് തുടക്കമിട്ടത്. വാഹനപ്രേമികളുടെ ഇഷ്ട മോഡലായ ഒക്‌ടേവിയ ആർ.എസ് വീണ്ടും പുറത്തിറക്കിയിരുന്നു. ബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ മുഴുവൻ വിറ്റുതീർന്നു. 1.0 ടി.എസ്.ഐ, 1.5 ടി.എസ്.ഐ മോഡലുകളിലുള്ള സ്ലാവിയയിലൂടെ ഇന്ത്യയിൽ സെഡാൻ പാരമ്പര്യം തുടരുകയാണ് സ്‌കോഡ.