പഴകുന്തോറും വീര്യമേറും !
ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത് - വിരാട് സഖ്യത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര
വിശാഖപട്ടണം : ലോകകപ്പ് കിരീടനേട്ടത്തോടെ ട്വന്റി-20യിൽ നിന്ന് അഭിമാനത്തോടെ വിരമിക്കുകയും ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം അത്ര സന്തോഷത്തോടെയല്ലാതെ ടെസ്റ്റിൽ നിന്ന് വിരമിക്കേണ്ടിവരികയും ചെയ്ത സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലിയുടേയും രോഹിത് ശർമ്മയുടേയും ഏകദിന ക്രിക്കറ്റിലെ ഭാവിയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചാവിഷയം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്. എന്നാൽ കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനങ്ങളുമായി യോജിച്ചുപോകാൻ മാനസികമായി ഇരുവർക്കും കഴിയുന്നില്ലെന്ന് ശക്തമായ സൂചനകളുണ്ട്.
2024ൽ രാഹുൽ ദ്രാവിഡിൽ നിന്ന് ഗംഭീർ കോച്ച് സ്ഥാനം ഏറ്റെടുത്തതുമുതൽ സീനിയേഴ്സുമായി അത്ര സുഖത്തിലല്ല. ന്യൂസിലാൻഡുമായുള്ള ഹോം ടെസ്റ്റ് സിരീസിലേയും ഓസ്ട്രേലിയൻ പര്യടനത്തിലേയും തോൽവികളാണ് സീനിയേഴ്സും കോച്ചുമായുള്ള അകൽച്ചയ്ക്ക് വഴിവച്ചത്. ഓസീസ് പര്യടനത്തിനിടെയാണ് സ്പിന്നർ രവി ചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. അപ്പോഴേക്കും വിരാടിന്റെയും രോഹിതിന്റെയും ടെസ്റ്റിലെ സ്ഥാനത്തിനും ഗംഭീർ സമ്മർദ്ദം നൽകിയിരുന്നു. ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന് ശേഷം ഇംഗ്ളണ്ട് പര്യടനത്തിന് ഒരുങ്ങുമ്പോൾ തന്നെ നായകസ്ഥാനം ലഭിക്കില്ലെന്ന് രോഹിതിന് സൂചന ലഭിച്ചതോടെ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ ഭാവിയും ഇതേമട്ടിലായിരിക്കുമെന്ന് മനസിലാക്കിയ വിരാടും ഒരാഴ്ചയ്ക്കകം ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു.
തുടർന്ന് ഏകദിന ടീമിൽ മാത്രമായി ഇരുവരും ഒതുങ്ങി. രോഹിതിന് പക്ഷേ ക്യാപ്ടൻസി ശുഭ്മാൻ ഗില്ലിന് കൈമാറേണ്ടിവന്നു. എന്നാൽ ഇന്ത്യൻ കുപ്പായത്തിൽ കളിതുടരാനുള്ള ആഗ്രഹം ഒന്നുകൊണ്ടുമാത്രം അതൊന്നും കാര്യമാക്കാതെ 10 കിലോയിലധികം തൂക്കം കുറച്ച് രോഹിതും വർദ്ധിത വീര്യത്തോടെ വിരാടും ഏകദിനത്തിനൊരുങ്ങി. ടെസ്റ്റിൽ നിന്ന് വിരമിച്ചശേഷം രണ്ട് ഏകദിന പരമ്പരകളിലാണ് ഇരുവരും കളിച്ചത്. അതിൽ ആദ്യത്തേത് ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു. ഇതിൽ രോഹിത് ശർമ്മയും തുടർന്ന് കഴിഞ്ഞ ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ വിരാടും പ്ളേയർ ഒഫ് ദ സിരീസായി. ഈ പ്രകടനങ്ങൾ തന്നെയാണ് ഇരുവരെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ടതും.
ലക്ഷ്യം 2027 ലോകകപ്പ്
അടുത്ത ഏകദിന ലോകകപ്പ് 2027ലാണ്. അതിൽ കളിച്ച് കിരീടം നേടി വിരമിക്കുകയാണ് രോഹിത് ശർമ്മയുടേയും വിരാടിന്റേയും ആഗ്രഹം. അതിന് ഗംഭീറുമായുള്ള അപ്രീതി വിഘാതമാകുകുമോ എന്നാണ് അറിയേണ്ടത്. യുവാക്കളിൽ കൂടുതൽ വിശ്വാസം അർപ്പിക്കാനുള്ള ഗംഭീറിന്റെ തീരുമാനം അത്രകണ്ട് ടീമിന് ഗുണപ്പെടുന്നില്ല. സീനിയേഴ്സ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ മാറ്റിനിറുത്താനുമാകുന്നില്ല. അടുത്ത ജനുവരിയിൽ ന്യൂസിലാൻഡ് പര്യടനത്തിലാണ് ഇന്ത്യയ്ക്ക് ഇനി ഏകദിന മത്സരങ്ങളുള്ളത്. പിന്നീട് ജൂലായ്‌യിൽ ഇംഗ്ളണ്ട് പര്യടനത്തിലും. ഈ രണ്ട് പരമ്പരകൾക്കിടയിൽ ട്വന്റി-20 ലോകകപ്പും ഐ.പി.എല്ലുമുണ്ട്. ഇതിനിടയിൽ ഗംഭീർ രോഹിതിനെയും വിരാടിനെയും ഒഴിവാക്കുമോ എന്ന സന്ദേഹം ആരാധകർക്കുണ്ട്.
അവസാന ആറുമത്സരങ്ങളിലെ രോഹിതും വിരാടും
രോഹിത് ശർമ്മ
Vs ഓസ്ട്രേലിയ
8,73,121*( പ്ളേയർ ഒഫ് ദ സിരീസ്)
Vs ദക്ഷിണാഫ്രിക്ക
57,14,75
വിരാട് കൊഹ്‌ലി
Vs ഓസ്ട്രേലിയ
0,0,74*
Vs ദക്ഷിണാഫ്രിക്ക
135,102,65* (പ്ളേയർ ഒഫ് ദ സിരീസ്)
ട്വന്റി-20 പരമ്പര നാളെമുതൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കമാകും. കട്ടക്കിലാണ് ആദ്യ മത്സരം. ചണ്ഡിഗഡ്, ധർമ്മശാല, ലക്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. സൂര്യകുമാർ യാദവാണ് ഇന്ത്യൻ നായകൻ. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തുന്നുണ്ട്. മലയാളിതാരം സഞ്ജു സാംസണും ടീമിലുണ്ട്.