മെസി വന്നു, മയാമിയിൽ കിരീടവും

Monday 08 December 2025 1:04 AM IST

ഫ്‌ളോറിഡ : മെസി വന്നു, അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ളബ് ഇന്റർ മയാമിയുടെ കിരീടചരിത്രവും വഴിമാറി. ഈ സീസണിൽ മെസിയുടെ കരുത്തിലേറി ഇന്റർ മയാമി ചരിത്രത്തിലാദ്യമായി അമേരിക്കൻ എം.എൽ.എസ് കപ്പ് നേടി. രണ്ട് വർഷം മുമ്പ് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിൽ നിന്ന് മെസിയെത്തുമ്പോൾ ലീഗിൽ പോയിന്റ് പട്ടികയിലെ അവസാന പടവുകളിൽ താളം ചവിട്ടുകയായിരുന്നു പ്രശസ്ത ഇംഗ്ളീഷ് ഫുട്ബാളർ ഡേവിഡ് ബെക്കാമിന്റെ സഹഉടമസ്ഥതയിലുള്ള മയാമി.

കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ വാർകൂവർ വൈറ്റ് ക്യാപ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ഇന്റർ മിയാമി കന്നിക്കിരീടം ചൂടിയത്. സെൽഫ് ഗോളിലൂടെ മുന്നിലെത്തിയിരുന്ന മയാമിയുട‌െ മറ്റ് രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് മെസിയാണ്.മുപ്പത്തിയെട്ടുകാരനായ മെസിയുടെ നാൽപ്പത്തിനാലാം സീനിയർ കിരീടമാണിത്. ലീഗിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരവും മെസി സ്വന്തമാക്കി.

അമേരിക്കൻ വ്യവസായി ജോസ് മാസും ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമും ചേർന്ന് 2018ലാണ് ഇന്റർ മയാമി ക്ലബ് തുടങ്ങിയത്. ബെക്കാമാണ് ക്ലബിന്റെ പ്രസിഡന്റ്. മെസിക്കക്കൊപ്പം മുൻ ബാഴ്സലോണ താരങ്ങളായ സെർജിയോ ബുസ്ക്വെറ്റ്സും ജോർഡി ആൽബയും അർജന്റീന ടീമിലെ സഹതാരം റോഡ്രിഗോ ഡി പോളും മയാമിയിൽ കളിക്കുന്നുണ്ട്. മുൻ അർജന്റീന താരം ഹാവിയർ മഷറാനോയാണ് ടീം കോച്ച്.