സൂപ്പർ ലീഗ് കേരള ഫുട്ബാൾ ഇനി തിരഞ്ഞെടുപ്പിന് ശേഷം
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മതിയായ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെ സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലുകളും ഫൈനലും മാറ്റിവച്ചു.
നന്നലെ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലായിരുന്നുആദ്യ സെമിഫൈനൽ നടക്കേണ്ടിയിരുന്നത്. ഡിസംബർ പത്തിന് നടക്കാനിരുന്ന കാലിക്കറ്റ് എഫ്.സിയും കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയും തമ്മിലുള്ള മത്സരവും മാറ്റി. 14-ാം തീയതിയായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്. പുതിയ ഷെഡ്യൂൾ പിന്നീട് അറിയിക്കുമെന്ന് സൂപ്പർ ലീഗ് കേരള അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനുകളും ഘോഷയാത്രകളുമെല്ലാം നടക്കുമ്പോൾ പൊലീസിനെ വിന്യസിക്കേണ്ടതുണ്ട്. ഈ സമയം മത്സരത്തിന് വേണ്ടത്ര സുരക്ഷയൊരുക്കാൻ കഴിയില്ലെന്നും കളി മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ചസിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് കളക്ടർ അർജുൻ പാണ്ഡ്യന് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരമാണ് സെമി മത്സരം മാറ്റിയത്. സെമി ഫൈനൽ മത്സരമായതിനാൽ വൻജനാവലിയാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്ത് നിന്നും കളി കാണാൻ നിരവധി പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. ടീമുകളുടെ ആരാധകർ തമ്മിലുള്ള ചെറിയ പ്രശ്‌നം പോലും രാഷ്ട്രീയ വിഷയങ്ങളായി മാറാനും അത് തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാനും സാദ്ധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു.