സ്മൃതി മാന്ഥന- പലാഷ് മുച്ചൽ വിവാഹം വേണ്ടെന്നുവച്ചു

Monday 08 December 2025 1:07 AM IST

മുംബയ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടൻ സ്മൃതി മാന്ഥനയും സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹം വേണ്ടെന്നുവച്ചു. ഇക്കാര്യം സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തു.

നവംബർ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചാണ് പലാഷുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മാന്ഥനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ തലേന്ന് വിവാഹം മാറ്റിവച്ചു. വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെ പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നു. ഇതറിഞ്ഞാണ് സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ സ്മൃതിയുടെയോ പലാഷിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിരുന്നില്ല. ഇന്നലെയാണ് വിവാഹം വേണ്ടെന്നുവച്ചതായി സ്മൃതി അറിയിച്ചത്. പിന്നാലെ പലാഷും ഇക്കാര്യം സ്ഥിരീകരിച്ചു.

2019ലാണ് സ്മൃതിയും പലാഷും പ്രണയത്തിലായത്. 2024ൽ പ്രണയത്തിന്റെ അഞ്ച് വർഷം പൂർത്തിയായതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരും ഇത് പരസ്യമാക്കിയത്. വിവാഹം മാറ്റിയതിനു പിന്നാലെ സ്മൃതിയും സുഹൃത്തുക്കളായ ഇന്ത്യൻ താരങ്ങളും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കിയിരുന്നു.