പിങ്കിലും ഇംഗ്ളണ്ട് പ്ളിംഗ് !
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ളണ്ട് തോറ്റു,
ഓസീസിന്റെ വിജയം എട്ടുവിക്കറ്റിന്, സ്റ്റാർക്ക് മാൻ ഒഫ് ദ മാച്ച്
ബ്രിസ്ബേൻ : പിങ്ക് പന്ത് ഉപയോഗിച്ചുനടന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തോൽവി ഏറ്റുവാങ്ങി ഇംഗ്ളണ്ട്. ഗാബയിൽ നടന്ന ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ എട്ടുവിക്കറ്റിനായിരുന്നു ഇംഗ്ളണ്ടിന്റെ തോൽവി.നാലാം ദിനമായ ഇന്നലെ 65 റൺസ് ലക്ഷ്യവുമായി അവസാന ഇന്നിംഗ്സിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ ജോ റൂട്ടിന്റെ (138*) സെഞ്ച്വറി മികവിൽ 334 റൺസ് നേടിയ ഇംഗ്ളണ്ടിനെതിരെ ഓസീസ് അടിച്ചുകൂട്ടിയത് 511 റൺസാണ്.തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ടിനെ 241 റൺസിന് ആൾഔട്ടാക്കുകയും ചെയ്തതോടെയാണ് ഓസീസിന് രണ്ടാം ഇന്നിംഗ്സിൽ 65 റൺസ് വിജയ ലക്ഷ്യമായി കുറിക്കപ്പെട്ടത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ് മാൻ ഒഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്ക് ആദ്യ ഇന്നിംഗ്സിൽ ബാറ്റെടുത്തപ്പോൾ 77 റൺസടിക്കുകയും ചെയ്തു.
അഞ്ചുമത്സരപരമ്പരയിൽ ആതിഥേയർ 2-0ത്തിന് മുന്നിലാണ്. പരമ്പര കൈമോശം വരാതിരിക്കാൻ ഇംഗ്ളണ്ടിന് ഇനി ഒരുകളിപോലും തോൽക്കാതിരുന്നേ മതിയാകൂ. മൂന്നാം ടെസ്റ്റ് അഡ്‌ലെയ്ഡിൽ 17ന് തുടങ്ങും.