കേരളത്തിൽ വിവാഹ സീസണായതോടെ ആവശ്യമേറി,​ കയറ്റിയയക്കുന്നത് തമിഴ്‌നാടടക്കം അന്യസംസ്ഥാനങ്ങളിലേക്കും

Monday 08 December 2025 9:38 AM IST

പൊന്നാനി: താമരപ്പൂക്കളുടെ ആവശ്യകത വർദ്ധിച്ചതോടെ പൊന്നാനിയിലും ട്രെൻഡിംഗിലായി താമരക്കൃഷി. ആറ് വർഷം മുൻപ് സുഹൃത്തുക്കളായ സുധാകരൻ, സുദർശനൻ, സുരേഷ്, മൊയ്തീൻ എന്നിവരുടെ കൂട്ടായ്മയിലൊരുങ്ങിയ താമരക്കൃഷി പൊന്നാനിയിലെ നൈതലൂരിന് സമീപമുള്ള തുറസ്സായ പാടശേഖരത്തിലാണ് മനോഹരക്കാഴ്ച സമ്മാനിക്കുന്നത്.

താമര നട്ട് പരിപാലിച്ചാൽ നാല് മാസത്തിനകം നല്ല വിളവ് കിട്ടുമെന്നും വിപണിയിൽ പൂവിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുമെങ്കിലും നിലവിൽ നാല് രൂപ മുതൽ ലഭിക്കുമെന്നും ഇവർ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ നാലിന് കൃഷിപ്പണി ആരംഭിക്കും. ഏഴിനുള്ളിൽ പൂക്കൾ പറിച്ചെടുക്കും. തുടർന്ന് ഒറീസ, തമിഴ്നാട്, ഡൽഹി, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് എത്തിക്കും. വിമാനമാർഗ്ഗം നെടുമ്പശ്ശേരി വിമാനത്താവളം വഴിയാണ് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. ഒരു വിളവെടുപ്പിൽ ഏകദേശം 1200 പൂക്കൾ വരെ ലഭിക്കും.

ക്ഷേത്രങ്ങളിലും വിവാഹങ്ങളിലും താമരപ്പൂക്കളുടെ ആവശ്യകത വർദ്ധിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ പൊന്നാനിയിലും താമരക്കൃഷി വ്യാപിക്കുകയായിരുന്നു. നേരത്തെ തിരുന്നാവായ ആയിരുന്നു ജില്ലയിലെ പ്രധാന താമര വിപണിയെങ്കിലും കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ സാധിക്കുമെന്നതും മണ്ണിന്റെ ഗുണനിലവാരം വലിയ രീതിയിൽ ബാധിക്കാത്തതുമാണ് മേഖലയിലേക്ക് തിരിയാൻ കാരണമെന്ന് കർഷകർ പറയുന്നു.