പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം ലോറിയിലിടിച്ചു; ഒരാൾ മരിച്ചു, 11പേർക്ക് പരിക്ക്

Monday 08 December 2025 10:38 AM IST

മലപ്പുറം: പൊന്നാനിയിലുണ്ടായ വാഹനാപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ചായിരുന്നു അപകടം. കർണാടക സ്വദേശി ഉമേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ 11പേർക്ക് പരിക്കേറ്റു.

ഇന്നലെയും ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ടിരുന്നു. ശബരിമല പാതയിൽ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിലയ്‌ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപ്പെട്ടത്. ഒരു മണിയോടെയായിരുന്നു അപകടം.

നിലയ്‌ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർത്ഥാടകരെ മറ്റ് വാഹനങ്ങളിൽ നിലയ്‌ക്കലിലേക്കും പമ്പയിലേക്കും എത്തിച്ചു.