"ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല"

Monday 08 December 2025 11:47 AM IST

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ലെന്നും അന്നും ഇന്നും സത്യത്തിനൊപ്പമാണെന്നും ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു.

"സത്യം ജയിക്കും സത്യമേ ജയിക്കൂ... ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല... അന്നും ഇന്നും സത്യത്തിനൊപ്പം"- എന്നാണ് അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതുകൂടാതെ സംവിധായകൻ കെ പി വ്യാസനും സന്തോഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

"മാദ്ധ്യമങ്ങളുടെ സ്മാര്‍ത്ഥ വിചാരത്തിനും, പ്രോസിക്യൂഷൻ മെനഞ്ഞ കള്ളക്കഥകൾക്കുമിടയിൽ നിന്ന് സത്യത്തിന്റെ പാലാഴി കടഞ്ഞ് നീതിയുടെ അമൃത് എടുത്ത ഈ ധീര വനിതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. മാദ്ധ്യമ വിചാരണ നടത്തി ചാനൽ ജഡ്ജിമാർ അല്ല വിധി പറയേണ്ടത്, കോടതികൾ ആണ് യഥാർത്ഥ വിധികർത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്. പൊലീസും, മാദ്ധ്യമങ്ങളും, സർക്കാരിന്റെ നിയമസംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ആരെയോ കുടുക്കാൻ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ആ ചതിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒന്നുകിൽ ദൈവത്തിന്, അല്ലെങ്കിൽ ദൈവ തുല്യനായ ഒരാൾക്ക് മാത്രമേ സാധിക്കു. എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല.

സത്യമേവ ജയതേ. NB: പോലീസുകാരെ സുഹൃത്തുക്കളാക്കരുത് എന്ന് ഒരു ചൊല്ലുണ്ട്. കാരണം പരിചയമുള്ള പൊലീസുകാരൻ രണ്ടിടി കൂടുതൽ ഇടിക്കുമത്ര, അതുപോലെതന്നെ മാദ്ധ്യമപ്രവർത്തകരെയും( മാദ്ധ്യമ സ്ഥാപനങ്ങളെയും) സുഹൃത്തുക്കളാക്കരുത്, പരിചയം നടിക്കുന്ന മാധ്യമപ്രവർത്തകനായിരിക്കും( മാദ്ധ്യമ സ്ഥാപനം ആയിരിക്കും) നിങ്ങളെക്കുറിച്ച് ആദ്യം വ്യാജവാർത്ത ഉണ്ടാക്കുന്നത്."- എന്നാണ് വ്യാസൻ കുറിച്ചത്. ‘നന്ദി ദൈവമേ, സത്യമേവ ജയതേ’ എന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.