'അതിജീവിതയ്‌ക്കൊപ്പം, നിയമവിദഗ്ധരുമായി ചർച്ച ചെയ്യും'; പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സർക്കാർ അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ. യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിധിവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ വിധിയുടെ കൂടുതൽ ഉള്ളടക്കങ്ങൾ അറിഞ്ഞില്ലെന്നും ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'ഈ കേസിൽ ആദ്യം മുതൽ സർക്കാരും ഇടതുപക്ഷവും അതിജീവിതയ്‌ക്കൊപ്പമാണ്. കോടതിയുടെ നിഗമനങ്ങൾ പരിശോധിച്ചശേഷം ബാക്കി മറുപടി പറയും. ആറുപേർ കുറ്റക്കാരാണെന്നാണ് ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നത്. അതിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയശേഷമേ എനിക്ക് മറുപടി പറയാൻ കഴിയൂ. മേൽക്കോടതിയിൽ പോകുന്ന കാര്യം നിയമവിദഗ്ധരുമായി ചർച്ച ചെയ്യും'- സജി ചെറിയാൻ പറഞ്ഞു.
അതിജീവിതയ്ക്ക് അനുകൂലമായ നിലപാടാണ് എന്നും സർക്കാർ എടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി. തനിക്കെതിരെ ഗുഢാലോചന നടന്നുവെന്ന ദിലീപിന്റെ വിശദീകരണത്തിന് പ്രസക്തിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കേസിൽ അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയിൽ തൃപ്തിയില്ലെന്നാണ് അതിജീവിത പറഞ്ഞതെന്നും അവർക്ക് തൃപ്തിയാകുവരെ കേസിൽ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഇത് അന്തിമ വിധിയല്ലെന്നും മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മേധാവിയായിരുന്ന ബി സന്ധ്യ പറഞ്ഞു. ഗൂഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി.
'അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്തിട്ടുണ്ട്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയിൽ ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണ സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികൾ വിചാരണവേളയിൽ നേരിട്ടിട്ടുണ്ട്. മേൽക്കോടതിയിൽ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും'- ബി സന്ധ്യ കൂട്ടിച്ചേർത്തു.