ആലപ്പുഴ മുല്ലയ്‌ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ആന മുല്ലയ്‌ക്കൽ ബാലകൃഷ്‌ണൻ ചരിഞ്ഞു

Monday 08 December 2025 12:37 PM IST

ആലപ്പുഴ: മുല്ലയ്‌ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്‌ക്കൽ ബാലകൃഷ്‌ണൻ (55) ചരിഞ്ഞു. ഇന്ന് രാവിലെ 7.15ന് മുല്ലയ്‌ക്കൽ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതിൽക്കെട്ടിനകത്ത് തളച്ചിരുന്ന ബാലകൃഷ്‌ണൻ മറിഞ്ഞ് വീഴുകയായിരുന്നു. ഇതുകണ്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തി മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ബാലകൃഷ്‌ണൻ ചികിത്സയിലായിരുന്നു. അതിനാൽ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്‌ക്കൽ ക്ഷേത്രത്തിന് സമീപം പ്രത്യേക തറ കെട്ടി അതിലായിരുന്നു വിശ്രമ സൗകര്യം ഒരുക്കിയിരുന്നത്. 1987ൽ മുല്ലയ്‌ക്കൽ ക്ഷേത്രത്തിലെ കൊടിയർച്ചനയ്‌ക്ക് ശേഷം ബാക്കിവന്ന തുക ഉപയോഗിച്ചാണ് ആനയെ വാങ്ങിയത്. 1988ലാണ് ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയത്.

വനംവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. പിന്നീട് കോന്നിയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും.