മുതിർന്നവർക്ക് പോലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലം, പക്ഷേ ഈ രണ്ടാം ക്ലാസുകാരി നാല് തവണയെത്തി

Monday 08 December 2025 12:54 PM IST

തിരൂരങ്ങാടി: കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിംഗ് സ്‌പോട്ടുകളിൽ ഒന്നായ ബ്രഹ്മഗിരി പീക്ക് നാല് വർഷത്തിനിടെ നാല് തവണ പരസഹായമില്ലാതെ കയറി തിരൂരങ്ങാടി കക്കാട് ജി.എം.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫിൽസ മെഹക്.

സമുദ്രനിരപ്പിൽ നിന്ന് 5276 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി പീക്ക് കേരളത്തിലെ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെയും കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെയും അതിരിലായാണ് സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോർമെറ്ററിയിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം വനത്തിലൂടെ മല കയറിയാലാണ് ബ്രഹ്മഗിരിയുടെ മുകളിലെത്തുക. ഇതിൽ അവസാന മൂന്ന് കിലോമീറ്റർ കുത്തനെയുള്ള പുൽമേടാണ്. തോൽപ്പെട്ടി, ആറളം, ബ്രഹ്മഗിരി എന്നീ വന്യജീവി സങ്കേതങ്ങളും നാഗർഹോള കടുവ സങ്കേതവും അതിരിട്ടു കിടക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ വന്യജീവികളുടെ വിഹാര കേന്ദ്രമാണിവിടം.

2022ൽ എൽ.കെ.ജിയിൽ പഠിക്കുമ്പോഴാണ് ഫിൽസ മെഹക് ആദ്യമായി ബ്രഹ്മഗിരി പീക്കിലേക്ക് ട്രക്കിംഗ് നടത്തുന്നത്. പിതാവും പി.എസ്.എം.ഒ കോളേജിലെ അദ്ധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി. കബീറലിയുടെ കൂടെയായിരുന്നു ട്രക്കിംഗ്. പി. എസ്.എം.ഓ കോളേജിലെ പരിസ്ഥിതി ക്ലബ്ബായ ഭൂമിത്ര സേന ക്ലബിന്റെ കീഴിൽ നടന്ന പരിസ്ഥിതി പഠന ക്യാമ്പിന്റെ ഭാഗമായിരുന്നു ട്രക്കിംഗ്.

തുടർന്നുള്ള എല്ലാ വർഷവും തിരുനെല്ലിയിൽ വച്ച് ഭൂമിത്രസേന ക്ലബ് നടത്തിയ പരിസ്ഥിതി പഠന ക്യാമ്പുകളിൽ പിതാവ് കബീറലിയോടൊപ്പം ഫിൽസ മെഹക് പങ്കെടുക്കുകയും ബ്രഹ്മഗിരിയിലേക്ക് ട്രക്കിംഗ് നടത്തുകയും ചെയ്തു.

പറമ്പിക്കുളം, മുതുമലൈ, ബന്ദിപ്പൂർ കടുവ സങ്കേതങ്ങൾ, പേപ്പാറ, കരിമ്പുഴ വന്യജീവി സങ്കേതങ്ങൾ, സൈലന്റ് വാലി നാഷണൽ പാർക്ക് എന്നിവിടങ്ങളിലും പരിസ്ഥിതി പഠന ക്യാമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്.