'ലോകകപ്പ് നേടിത്തന്ന അപ്രതീക്ഷിത തീരുമാനം,​ അതൊന്നും ആർക്കും പകർത്താൻ കഴിയില്ല',​ ധോണിയെ വാഴ്ത്തി മുൻ ഇന്ത്യൻ ഓപ്പണർ

Monday 08 December 2025 2:51 PM IST

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെ അതുല്യമായ നേതൃപാടവത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ മുരളി വിജയ്. ധോണി ഒരു വ്യത്യസ്തനായ ക്യാപ്ടനാണെന്നും 2007ലെ ട്വന്റി- 20 ലോകകപ്പിലെ ഫൈനൽ ഓവർ ജോഗീന്ദർ ശർമ്മയ്ക്ക് നൽകിയതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തീരുമാനങ്ങളാണ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം രൂപപ്പെടുത്തിയതെന്നും വിജയ് അഭിപ്രായപ്പെട്ടു. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് വിജയ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ചും കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ച് വാചാലനായത്.

'ധോണിയൊരു സവിശേഷ വ്യക്തിയാണ്. അങ്ങനെയുള്ള വ്യക്തിത്വങ്ങളെ പകർത്താൻ കഴിയില്ല. അദ്ദേഹം ചെയ്യുന്നത് മറ്റാർക്കും ചെയ്യാനാവില്ല. ധോണി കളിയിൽ ആധിപത്യം സ്ഥാപിച്ച രീതികൾ വളരെ ശക്തമാണ്. വലങ്കയ്യൻ ബാറ്റർ എന്ന നിലയിൽ സിക്സറുകൾ പായിച്ചിരുന്ന ആ റേഞ്ച് മറ്റാർക്കെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. 2007 ട്വിന്റി 20 ലോകകപ്പിൽ അവസാന ഓവർ ജോഗീന്ദറിന് നൽകി നമ്മൾ കപ്പ് നേടി.

ഒരു സീനിയർ താരമെന്ന നിലയിൽ ഹർഭജന് ഒരു ഓവർ ബാക്കിയുണ്ടായിരുന്നതിനാൽ അതിൽ യുക്തിയുണ്ടായിരുന്നില്ലായിരിക്കാം. പക്ഷെ ധോണി ആലോചിച്ച് ചെയ്ത കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. അതാണ് നമുക്ക് ലോകകപ്പ് നേടിതന്നത്. അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം'- വിജയ് പറഞ്ഞു. ഐപിഎല്ലിൽ മാത്രം കളിക്കുന്ന ധോണിയെ 2026 സീസണിലേക്കും ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തിയിട്ടുണ്ട്. ധോണിയുടെ ക്യാപ്ടൻസിക്ക് കീഴിൽ എട്ട് ഐപിഎൽ സീസണുകളിലാണ് വിജയ് സിഎസ്കെക്കായി കളിച്ചത്.

2008ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വിജയ് ഇന്ത്യയ്ക്കായി 61 ടെസ്റ്റും 17 ഏകദിനവും ഒമ്പത് ട്വന്റി20 മത്സരങ്ങൾ അടക്കം 87 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 87 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 12 സെഞ്ച്വറികളും 16 അർദ്ധ സെഞ്ച്വറികളും സഹിതം 4,490 റൺസ് വിജയ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 106 മത്സരങ്ങളിൽ നിന്ന് 2,619 റൺസാണ് നേട്ടം. 2020ലാണ് താരം അവസാനമായി പ്രൊഫഷണൽ മത്സരം കളിച്ചത്. 2023ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.