വാർഡിൽ ആർക്കും വീടില്ല, എന്നാൽ ഇവർക്ക് വോട്ടുണ്ട്

Tuesday 09 December 2025 12:56 AM IST

മട്ടാഞ്ചേരി: വാർഡിൽ സ്വന്തം വീടില്ലെങ്കിലും ഇവർക്കിവിടെ വോട്ടുണ്ട്. കൊച്ചി തുറമുഖത്ത് കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ 9 ഐലൻഡ് നോർത്ത് വാർഡിലെ താമസക്കാർക്കാണീ ഭാഗ്യം. വോട്ടർമാർ പൂർണമായും അന്യദേശക്കാരും അന്യസംസ്ഥാനക്കാരും ആണ്. സ്ഥാനാർത്ഥികളും ഇവിടത്തുകാരല്ല. തിരഞ്ഞെടുപ്പ് ചൂട് ഒന്നും ഇവിടെയില്ല. മതിലെഴുത്തും പോസ്റ്ററുകളും നാമമാത്രം. വോട്ടർമാരെ നേരിട്ടു കണ്ടുള്ള വോട്ടുപിടുത്തം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് പ്രധാന പ്രചാരണവും. രാവിലെ ആറ് മുതൽ സ്ഥാനാർത്ഥികൾ വാർഡിൽ പ്രവർത്തന സജ്ജരാണ്, രാത്രി ഒൻപത് വരെ തുടരുന്നു. തുറമുഖ അതോറിട്ടി ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ്, റെയിൽവേ, കസ്റ്റംസ്, കരാർ ജീവനക്കാർ മുതൽ നാവികർ വരെ വോട്ടർമാരാണ്. വോട്ടർമാരുടെ കണക്കിൽ കൊച്ചിൻ കോർപ്പറേഷനിലെ ഏറ്റവും ചെറിയ വാർഡാണിത്.

ആകെ 544 വോട്ടർമാർ മാത്രം. ഇതിൽ പലരും പുതുമുഖങ്ങളാണ്, ജോലി മാറ്റം വന്ന് എത്തിയവർ. തിരഞ്ഞെടുപ്പ് ഗോദയിൽ നിലവിലെ കൗൺസിലറായ ടി. പദ്മകുമാരി എൻ.ഡി.എയ്ക്കായി മത്സരിക്കുന്നു. യു.ഡി.എഫിനായി അഡ്വ. ആന്റണി കുരീത്തറയും ഇടതുസ്വതന്ത്രനായി ശിവപ്രസാദും ട്വന്റി ട്വന്റിയുടെ സിജുവുമാണ് രംഗത്ത്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി വാർഡിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ രേഖകൾക്കൊപ്പം ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ള ഔദ്യോഗിക തൊഴിൽ രേഖകൂടി വേണം.