എച്ച്.എം.ടി ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു

Tuesday 09 December 2025 1:31 AM IST

കളമശേരി എച്ച്.എം.ടി.ക്വാർട്ടേഴ്സുകൾ കാടുകയറി നശിച്ചനിലയിൽ

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയുടെ ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു.

കമ്പനിയുടെ പ്രതിസന്ധിയെ തുടർന്ന് പുനർ നിയമനങ്ങൾ നടക്കാതെ വരുകയും 3500ൽ അധികം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്ന് 117 ജീവനക്കാരായി ചുരുങ്ങുകയും ചെയ്തതോടെ താമസിക്കാൻ ആളില്ലാതായി. അറ്റകുറ്റപ്പണികൾ നടക്കാതായതോടെ കെട്ടിടങ്ങൾ ജീർണാവസ്ഥയിലും. കാഷ്വൽലേബർ, കരാർ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാരടക്കം 300ൽ താഴെ ആളുകൾ ജോലിചെയ്യുന്നുണ്ട്.

മൂന്നു സൊസൈറ്റികൾ നാമമാത്രമായി ടൗൺഷിപ്പിൽ പ്രവർത്തിക്കുന്നുണ്ട്. അഗ്രികൾച്ചർ സൊസൈറ്റി പൂട്ടിപ്പോയി.

മെഡിക്കൽ കോളേജ്, കിൻഫ്രാ, മെട്രോ, ഗെയിൽ, അദാനി ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ സമീപ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. ക്വാർട്ടേഴ്സുകൾ മെയിന്റനൻസ് നടത്തി താമസയോഗ്യമാക്കി വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ കെട്ടിടങ്ങൾ നിലനിൽക്കുകയും കമ്പനിക്ക് വരുമാനവുമാകുമായിരുന്നെന്ന് റിട്ട. ജീവനക്കാർ പറയുന്നു.

ക്വാർട്ടേഴ്സുകൾ ദുരവസ്ഥയി​ൽ

1 360 കുടുംബങ്ങൾക്ക് താമസിക്കാനുള്ള മൂന്നുനില ഫ്ളാറ്റുകളായിരുന്നു അധികവും

2 ഇപ്പോൾ 64 ക്വാർട്ടേഴ്സുകളിൽ മാത്രമാണ് ആൾത്താമസമുള്ളത്

3 അമ്പതോളം ട്രെയിനികൾ പഴയ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നുണ്ട്

4 ക്വാർട്ടേഴ്സ് പരിസരം കാടുകയറി തെരുവുനായ്ക്കളും ഇഴജന്തുക്കളും വിലസുകയാണ്

5 ഇവി​ടം സാമൂഹ്യവിരുദ്ധരും താവളമാക്കാറുണ്ട്

6 വർഷങ്ങൾക്കുമുമ്പ് വൻതോതിൽ വ്യാജമദ്യം പിടിച്ച സംഭവവുമുണ്ട്.

7 കഴിഞ്ഞദിവസം ചീഞ്ഞളിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതും കമ്പനിയുടെവക സ്ഥലത്തെ കാട്ടിൽനിന്നാണ്

8 പൈപ്പുലൈൻ റോഡിൽ റോഡ് നിർമ്മാണത്തിന്റെ മറവിൽ മരം വെട്ടിമാറ്റിയതും കുന്നിടിച്ച് നിരത്തിയതും അധികൃതർ അറിയാതെപോയ സംഭവമുണ്ട്