രണ്ടാമത്തെ കേസിലും വിധി വരെ പൊലീസ് നടപടി പാടില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം

Monday 08 December 2025 6:42 PM IST

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച. ഡിസംബര്‍ 10ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ രാഹുലിനെതിരെ പൊലീസ് നടപടി പാടില്ലെന്നാണ് കോടതി നിര്‍ദേശം. അതുകൊണ്ട് തന്നെ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യില്ല. തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇവിടെയാണ് 23കാരിയുടെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് കോടതിയുടെ നിര്‍ദേശം. ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ അറസ്റ്റ് തടയണമെന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ നിര്‍ബന്ധിച്ചുള്ള ഒരു നടപടിയും പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്.

നേരത്തേ ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ കേസില്‍ അതിവേഗ നീക്കത്തിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ചെയ്യുകയായിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗകേസില്‍ പരാതിക്കാരി മൊഴി നല്‍കി. എസ് പി പുങ്കൂഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രക്ഷപ്പെടാന്‍ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും പേടി കാരണമാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്.

ആദ്യകേസിലെ ഹര്‍ജി ഹൈക്കോടതി ഈ മാസം പതിനഞ്ചിനാണ് വീണ്ടും പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഗുരുതര സ്വഭാവമുള്ള കാര്യങ്ങള്‍ ഹര്‍ജിയിലുണ്ടെന്നും അതിനാല്‍ വിശദവാദം കേള്‍ക്കണമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.