പോളിംഗ് ബൂത്തുകൾ റെഡി

Tuesday 09 December 2025 3:52 AM IST

പറവൂർ: സമ്മതിദായകർക്ക് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകളടക്കമുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. പറവൂർ നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പറവൂർ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിലും പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന് കീഴിലുള്ള വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലെയും ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലും നടന്നു. ഉച്ചയോടെ പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ അതത് പോളിംഗ് ബൂത്തുകളിലേക്ക് തിരിച്ചു. ഒരു പോളിംഗ് ബൂത്തിലേക്ക് ഒരു പ്രിസൈഡിംഗ് ഓഫീസറും ഒരു ഫസ്റ്റ് പോളിംഗ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസർമാരുമുണ്ട്. മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഓരോ ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെ യന്ത്രത്തകരാർ പോലുള്ള കാര്യങ്ങൾ ഉണ്ടായാൽ മെഷീൻ മാറ്റൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രോഡീകരിക്കാൻ ശരാശരി എട്ട് പോളിംഗ് ബൂത്തുകൾക്ക് ഒരാളെന്ന നിലയിൽ സെക്ട‌റൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിസർവിലുള്ള ഉദ്യോഗസ്ഥർ ഇന്ന് തിരഞ്ഞെടുപ്പ് സമയം കഴിയുന്നത് വരെ വിതരണ കേന്ദ്രത്തിൽ ഉണ്ടാകും. ഇന്നലെ പോളിംഗ് ബൂത്തുകളിൽ പോയ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ റിസർവിൽ ഉള്ളവരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കും. തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം നഗരസഭയിലെ പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ പറവൂർ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലും ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും യന്ത്രങ്ങൾ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലും തിരികെയെത്തിക്കും. ഈ വിദ്യാലയങ്ങളിൽ തന്നെയാണ് 13ന് വോട്ടെണ്ണൽ നടക്കുക.