വോട്ട് രേഖപ്പെടുത്താൻ പ്രമുഖർ
തിരുവനന്തപുരം: കേരളത്തിലെ തന്റെ ആദ്യവോട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് രേഖപ്പെടുത്തും. ജവഹർ നഗർ എൽ.പി.എസിൽ രാവിലെ 11 നാണ് അദ്ദേഹം വോട്ട് ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് മറ്റ് നിരവധി പ്രമുഖരും ഇന്ന് വോട്ട് ചെയ്യും. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി സംസ്കൃത കോളേജിൽ വോട്ടുചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വട്ടിയൂർക്കാവ് സെൻ്റ് ജോൺസ് യു.പി.എസിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാവിലെ ഏഴരയ്ക്ക് ജവഹർ നഗർ എൽ.പി.എസിലും വോട്ട് രേഖപ്പെടുത്തും. മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ അനിലും നഗരത്തിൽ തന്നെയാണ് വോട്ട് ചെയ്യുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ രാവിലെ എട്ടുമണിക്ക് പട്ടം സെന്റ് മേരീസ് സ്‌കൂളിലും എ.കെ ആൻ്റണിയും കുടുംബവും ജഗതി യു.പി.എസിൽ രാവിലെ പത്തുമണിക്കും വോട്ട് ചെയ്യും. മലങ്കര കത്തോലിക്ക സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ രാവിലെ എട്ടിന് പട്ടം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ വോട്ട് ചെയ്യും. ശശി തരൂർ എം.പി കോട്ടൺഹിൽ ഹൈസ്‌കൂളിലും മുതിർന്ന ബി.ജെ.പി നേതാവ് വി. മുരളീധരൻ ഉള്ളൂരും കുമ്മനം രാജശേഖരൻ ഫോർട്ട് ഹൈസ്‌കൂളിലും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ കുടുംബത്തോടൊപ്പം ജവഹർ നഗർ എൽ.പി.എസിലും വോട്ട് രേഖപ്പെടുത്തും. സി. ദിവാകരൻ, കടകംപള്ളി സുരേന്ദ്രൻ, എം.എം ഹസ്സൻ, എൻ. ശക്തൻ, വി.എം സുധീരൻ എന്നിവരും നഗരത്തിലാണ് വോട്ട് ചെയ്യുന്നത്.