പതിറ്റാണ്ടുകൾ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം, വീർപ്പുമുട്ടി കല്ലേലി അങ്കണവാടി

Tuesday 09 December 2025 12:37 AM IST
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കല്ലേലി വാർഡിലെ അംഗനവാടി കെട്ടിടം

കൊട്ടാരക്കര: അങ്കണവാടി കെട്ടിടങ്ങളെല്ലാം ഹൈടെക് ആകുമ്പോഴും നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കല്ലേലി വാർഡിലെ 31ാം നമ്പർ അങ്കണവാടിക്ക് മോക്ഷമില്ല. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവർത്തനം. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികളുണ്ടായിരുന്ന അങ്കണവാടിയിൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതമൂലം കുട്ടികൾ കുറഞ്ഞു. ഇപ്പോൾ വിരലിൽ എണ്ണാവുന്നത്ര കുട്ടികൾ മാത്രമാണുള്ളത്. കുഞ്ഞുകുട്ടികൾക്ക് അക്ഷരം പഠിക്കാനും കളിക്കാനുമൊക്കെ അവസരങ്ങൾ ഇവിടെയുണ്ട്. എന്നാൽ കളിക്കോപ്പുകളും മുറ്റത്തെ കളിസ്ഥലവുമൊന്നും വേണ്ടത്ര മെച്ചമല്ല. ഗർഭിണികൾക്കും കൗമാരപ്രായക്കാർക്കുമുള്ള പോഷകാഹാരം, കുത്തിവയ്പ് സംവിധാനങ്ങൾ തുടങ്ങി അങ്കണവാടിയുടെ പ്രവർത്തനങ്ങളൊക്കെ പരാതികൾക്കിടയില്ലാത്ത വിധം മെച്ചപ്പെട്ടതുമാണ്.

കാലപ്പഴക്കമുള്ള കെട്ടിടം

1982ൽ ആണ് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമുണ്ടായത്. പ്രദേശത്തെ വീട്ടുകാർ നൽകിയ ഭൂമിയിലാണ് അന്ന് ഓടിട്ട കെട്ടിടം നിർമ്മിച്ചത്. വീട്ടിലൊരാൾക്ക് ജോലിയും ലഭിച്ചു. അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.കമലമാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സ്വന്തം കെട്ടിടമുള്ള അങ്കണവാടിയെന്ന നിലയിൽ അന്നേ ശ്രദ്ധിക്കപ്പെട്ടു. തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശമായതിനാൽ അവർക്കെല്ലാം അങ്കണവാടിയുടെ പ്രവർത്തനം വളരെ ഗുണകരമായി മാറി. പട്ടികജാതി വിഭാഗക്കാരായ കുട്ടികളായിരുന്നു കൂടുതലും. മുറ്റത്ത് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരുക്കിയ ഊഞ്ഞാലും തുരുമ്പെടുത്ത് നശിച്ചു. ഓടുമേഞ്ഞ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയപ്പോൾ മുതൽ പുതിയ കെട്ടിടം വേണെമന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. അങ്കണവാടിയുടെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിച്ചാൽ പുതിയ കെട്ടിടം നിർമ്മിക്കാവുന്നതേയുള്ളു. മുറ്റത്ത് ഇന്റർലോക്ക് പാകി, കളി ഉപകരണങ്ങളും സ്ഥാപിക്കാൻ അധികൃതർ മടിക്കുകയാണ്.

അങ്കണവാടിക്ക് പുതിയ കെട്ടിടം ഉണ്ടാകണം. തിരഞ്ഞെടപ്പ് കഴിഞ്ഞാൽ മന്ത്രി കെ.എൻ.ബാലഗോപാലുമായി ബന്ധപ്പെട്ട് പരിഹാരം ഉണ്ടാക്കുന്നതിന് ഇടപെടും.

അമൽ മോഹൻ, പൊതുപ്രവർത്തകൻ