പരിസ്ഥിതി സംരക്ഷണം മറക്കാതെ തിരഞ്ഞെടുപ്പ്

Tuesday 09 December 2025 1:44 AM IST
വെച്ചുച്ചിറ കുറുമ്പൻ മൂഴി പി.ടി.പി.എം എൽ.പി.സ്കൂളിലെ ഹരിത പൊളിംഗ് സ്റ്റേഷൻ

പത്തനംതിട്ട: പരിസ്ഥിതിയോടും വരും തലമുറയോടുള്ള കടമ നിർവഹിക്കാൻ ഓരോ വ്യക്തികളേയും പ്രേരിപ്പിക്കുകയാണ് ജില്ലയിലെ മാതൃകാ ഹരിത പോളിംഗ് ബൂത്തുകൾ. പ്ലാസ്റ്റിക്ക് വസ്തുക്കളെ പടിക്കുപുറത്തു നിർത്തി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവിടെ പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഹരിത മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശുചിത്വ മിഷന്റെ നിർദ്ദേശപ്രകാരമാണ് 1225 പോളിംഗ് സ്‌റ്റേഷനുകളും സജ്ജമാക്കിയിരിക്കുന്നത്. ഇതിൽത്തന്നെ 57 എണ്ണം മാതൃകാ ഹരിത പോളിംഗ് സ്റ്റേഷനുകളാണ്. കവാടം മുതൽ പോളിംഗ് സ്റ്റേഷൻ വരെ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഓലയും പനമ്പും മുളയും ഈറയും കുരുത്തോലയും കുലവാഴയും പായുമെല്ലാം ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ച കവാടവും നിർദ്ദേശങ്ങൾ എഴുതി പ്രദർശിപ്പിക്കാൻ പേപ്പർ ക്ലോത്തും വെള്ളം കുടിക്കാൻ മൺകൂജയും മൺഗ്ലാസും , മാലിന്യം നിക്ഷേപിക്കാൻ ഓലമെടഞ്ഞുണ്ടാക്കിയ വല്ലവും അലങ്കാരത്തിനായി പൂക്കളും ഇലകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം ഹരിതചട്ടം പാലിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നൽകാൻ ലഘുലേഖകളും ബൂത്തിൽ ഒരുക്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിൽ വെച്ചൂച്ചിറ, റാന്നി, റാന്നിപഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലാണ് ഹരിത പോളിംഗ് സ്‌റ്റേഷനുകൾ സജ്ജമാക്കിയിരിക്കുന്നത്. മദ്ധ്യമേഖലയിൽ പത്തനംതിട്ടയും പടിഞ്ഞാറൻ മേഖലയിൽ കുളനട, പന്തളം, അടൂർ എന്നിവിടങ്ങളിലും ഹരിത പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.