മികച്ച ലീഗൽ സർവീസസ് അതോറിറ്റിയായി മലപ്പുറം

Tuesday 09 December 2025 12:43 AM IST
സേവന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാരിൽ നിന്ന് ചെയർമാൻ കെ. സനിൽകുമാർ, സെക്രട്ടറി എം.ഷാബിർ ഇബ്രാഹിം ഏറ്റുവാങ്ങുന്നു.

മലപ്പുറം: 2024-25 വർഷത്തെ സംസ്ഥാനത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക്. കോട്ടയം, തൃശ്ശൂർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊച്ചിയിൽ നടന്ന കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ വാർഷിക യോഗത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാരിൽ നിന്ന് ചെയർമാൻ കെ.സനിൽകുമാർ, സെക്രട്ടറി ഷാബിർ ഇബ്രാഹിം എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

ഗോത്രവർഗക്കാരിലേക്കും പാർശ്വവത്കരിക്കപ്പെട്ടവരിലേക്കും സൗജന്യ നിയമ സഹായമെത്തിച്ചതും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നടത്തിയ ഇടപെടലുകളും പുരസ്കാര നേട്ടത്തിന് വഴിയൊരുക്കി. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, തടവുകാർ എന്നിവരിലേക്കും മികച്ച രീതിയിൽ അതോറിറ്റി നിയമസഹായമെത്തിച്ചു. ദേശീയ,​സംസ്ഥാന നിയമസേവന അതോറിറ്റികൾ വിഭാവനം ചെയ്ത എല്ലാ പദ്ധതികളും കാലാനുസൃതമായി നടപ്പാക്കി. മഞ്ചേരിയിലെ ജില്ലാ മീഡയേഷൻ സെന്ററിനാണ് മീഡയേഷൻ ഫോർ ദ നേഷൻ കാംപെയ്നിൽ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കിയതിനുള്ള പുരസ്‌കാരം.