വാട്ടർ അതോറിട്ടി ബില്ലിംഗ്: സോഫ്റ്റ്‌വെയർ പരിഷ്കരണം നീളുന്നു
തിരുവനന്തപുരം: വാട്ടർ അതോറിട്ടി ബില്ലിംഗ് സോഫ്റ്റ്‌വെയർ പരിഷ്കരണം നീളുന്നത് മൂലം ഉപഭോക്താക്കൾ വലയുന്നു. 42 ലക്ഷത്തോളം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഇ- അബാക്കസ് എന്ന സോഫ്റ്റ്‌വെയറിലുള്ളത്. സ്മാർട്ട് മീറ്ററിലെ റീഡിംഗും ഫോട്ടോ അപ്‌ലോഡിംഗും ബില്ലിംഗുമെല്ലാം ഈ സോഫ്റ്റ്‌വെയർ മുഖേനെയാണ് നടത്തുന്നത്.
2017ൽ ഒരു തവണ അപ്ഡേറ്റ് ചെയ്തത് ഒഴിച്ചാൽ മറ്റൊരു അപ്ഡേഷനും നടത്തിയിട്ടില്ല. മതിയായ സെർവർ ശേഷിയില്ലാത്തതിനാൽ ഇടപാടുകൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.2002ൽ നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് ഇ-അബാക്കസ് സോഫ്റ്റ്‌വെയർ സജ്ജമാക്കിയത്. 7 ലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്ന കാലത്താണ് ഇ- അബാക്കസ് കൊണ്ടുവന്നത്. ഇപ്പോൾ 42 ലക്ഷമുണ്ട്. ഓൺലൈനായി പണമടയ്ക്കുന്നതിന് ഇ-പെയ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ചുള്ള ഡേറ്റകൾ താങ്ങാനുള്ള സെർവർ ബാക്കപ്പ് ഈ സോഫ്റ്റ്‌വെയറിനില്ല. ഇതുമൂലം മണിക്കൂറുകളോളമാണ് ഇ-അബാക്കസ് നിശ്ചലമാകുന്നത്. .
2019ൽ വിഷയം പരിശോധിച്ച വാട്ടർ അതോറിട്ടി ബോർഡ് യോഗം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുകയോ പുതിയ സോഫ്റ്റ്‌വെയർ സജ്ജമാക്കുകയോ ചെയ്യാൻ തീരുമാനമെടുത്തിരുന്നു. സോഫ്റ്റ്‌വെയർ പരിഷ്കരണത്തിന് നോയിഡ ആസ്ഥാനമായുള്ള ഇൻവെന്റീവ് സോഫ്റ്റ്‌വെയർ സൊലൂഷനെ ചുമതലപ്പെടുത്തി. 2.5 കോടി രൂപയ്ക്കാണ് കരാർ നൽകിയത്.
പുതിയ സോഫ്റ്റ്‌വെയർ
അന്തിമഘട്ടത്തിൽ
പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. ഇ-അബാക്കസ്, ഇ-പെ, പുതിയ പൈപ്പ് ലൈൻ കണക്ഷൻ ഓൺലൈൻ മുഖേനെ ലഭ്യമാക്കാനുള്ള ഇ-ടാപ്പ് എന്നി ആപ്പുകളും സോഫ്റ്റ്‌വെയറുകളും സംയോജിപ്പിച്ച് ഏകീകൃത സംവിധാനമാണ് സജ്ജമാക്കുന്നത്. സെർവർ സംവിധാനവും ശക്തമാക്കും..