കൊട്ടിയം മൈലക്കാട്ടെ ഉയരപ്പാത തകർച്ച: പ്രാഥമിക റിപ്പോർട്ട് ഇന്ന്

Tuesday 09 December 2025 1:57 AM IST

കൊല്ലം: കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് ദേശീയപാതയി​ലെ ഉയരപ്പാതയും സർവീസ് റോഡും തകർന്ന സംഭവത്തി​ൽ എൻ.എച്ച്.എ.ഐ വിദഗ്ദ്ധ സമിതി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. ബലമില്ലാത്ത മണ്ണിന് മുകളിൽ അശാസ്ത്രീയമായി​ നടത്തി​യ മണ്ണ് നി​ക്ഷേപം തകർച്ചയ്ക്ക് വഴി​യൊരുക്കി​യെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് സൂചനയുണ്ട്.

മണ്ണിന്റെ ബലപരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ സംഘം വിശദ റിപ്പോർട്ട് സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനിക്കെതിരെ കടുത്ത നടപടി എടുക്കാൻ സാദ്ധ്യതയുണ്ട്. രണ്ടാമത്തെ വിശദ റിപ്പോർട്ടിലാവും, ഇവിടത്തെ പുനർനിർമ്മാണം സംബന്ധിച്ച നിർദ്ദേശങ്ങൾ. കമ്പനി​ക്ക് പിഴ ചുമത്തുന്നതിന് പുറമേ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും സാദ്ധ്യതയുണ്ട്. കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ സമാനമായ തരത്തിൽ ചതുപ്പും വയലുമുള്ള സ്ഥലങ്ങളിൽ മണ്ണ് നിറച്ച് ഉയരപ്പാത നിർമ്മിച്ച പറക്കുളം, മേവറം, കടവൂർ എന്നിവിടങ്ങളിൽ മണ്ണ് പരിശോധന നടത്താനും കരാർ കമ്പനിക്ക് നിർദ്ദേശം നൽകി.

ഉയരപ്പാതെ ഭാഗത്ത് തടസപ്പെട്ട, തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം ഇന്നലെ പുലർച്ചെ നാലി​ന് പുനരാരംഭിച്ചു. തകർന്ന സർവീസ് റോഡ് താത്കാലികമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി​. ഉയരപ്പാതയുടെ തകർന്ന ഭാഗം 150 മീറ്ററോളം പൊളിച്ചു നീക്കി. മറുവശത്ത് കേടുപാടുണ്ടായിട്ടില്ലെങ്കിലും ആർ.ഇ വാളുകൾ ഇളക്കി ഉയരപ്പാതയുടെ പൊക്കം കുറച്ചു.