അയ്യപ്പന്റെ പൂങ്കാവനവും പോളിംഗ് ബൂത്തിലേക്ക്

Tuesday 09 December 2025 12:06 AM IST

ശബരിമല : ശബരിമല അയ്യപ്പസ്വാമിയുടെ പൂങ്കാവനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. റാന്നി - പെരുനാട് ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിലാണ് പൂങ്കാവനം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ 683 വോട്ടർമാരാണുള്ളത്. യുവതീപ്രവേശനവും സ്വർണ്ണക്കൊള്ളയുമൊക്കെ കോൺഗ്രസും ബി.ജെ.പിയും തിരഞ്ഞെടുപ്പ് ആയുധമാക്കിയപ്പോൾ വികസനം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് രംഗത്തുള്ളത്. അയ്യപ്പഭക്തരും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്ന വാർഡുകൂടിയാണിത്.

ളാഹ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്തെ കൈതത്തോട്ടം മുതൽ സന്നിധാനം വരെ 48 കിലമോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന വാർഡാണിത്. വോട്ടർമാരിൽ ഏറെയും ആദിവാസികളാണ്. സന്നിധാനം, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങൾ ഉൾപ്പടെ ശബരിമലയിലെ ദേവസ്വം ബോർഡിന്റെ മുഴുവൻ സ്ഥലങ്ങളും കെട്ടിടങ്ങളും ഈ വാർഡിലാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൂങ്കാവനത്തിൽ ജോലി ചെയ്യുന്ന എണ്ണായിരത്തോളം ആളുകൾക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്. ദേവസ്വം ബോർഡ് ഇവർക്ക് പോസ്റ്റൽ വോട്ടിനുള്ള അവസരം തേടിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മി​ഷൻ ഇത് നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമെ പോസ്റ്റൽ വോട്ടിന് അർഹതയുള്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മി​ഷന്റെ നടപടി.