പ്രചാരണം ഫിനിഷിംഗ് ലെെനിലേക്ക് ഇന്ന് കൊട്ടിക്കലാശം
കോഴിക്കോട്: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം ഫിനിഷിംഗ് ലെെനിലേക്കടുക്കുമ്പോൾ മൂന്ന് മുന്നണികളും ആവേശക്കൊടുമുടിയിൽ. പതിനൊന്നിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇന്ന് വെെകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. അതിന് മുന്നോടിയായി വോട്ടർമാരെ നേരിട്ട് കണ്ടും ഫോൺ ചെയ്തും മാക്സിമം വോട്ടുകൾ പെട്ടിയിലാക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികൾ. തന്ത്രങ്ങളും മോഹവാഗ്ദാനങ്ങളും വാർഡുകളിൽ നിറഞ്ഞു കവിയുകയാണ്. വീടുകയറിയുള്ള വോട്ടുതേടലിന് മൂന്നു മുന്നണികളും പരമാവധി ഊന്നൽ നൽകിയിട്ടുണ്ട്. മിക്ക സ്ഥാനാർത്ഥികളും ഇതിനകം ഓരോ വീടുകളിലും നിരവധി തവണ കയറിയിറങ്ങിക്കഴിഞ്ഞു. കാണാൻ വിട്ടു പോയ വോട്ടറെ തേടിപ്പിടിച്ചും കന്നി വോട്ടുകാരെ പ്രത്യേകം പരിചയപ്പെട്ടുമാണ് തന്ത്രങ്ങൾ ഇറക്കുന്നത്. അതിരാവിലെ മുതൽ പാരഡി ഗാനങ്ങളുമായി തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചുള്ള പ്രചാരണ ജീപ്പുകൾ നാടും നഗരവും വ്യത്യാസമില്ലാതെ ചീറിപ്പായുകയാണ്. അവസാനഘട്ട പ്രചരണം കൊഴിപ്പിക്കാൻ മൂന്ന് മുന്നണികളും അണികളും ഓട്ടപാച്ചിലിൽ തുടരുമ്പോൾ നാടും നഗരവും ആവേശത്തിലാണ്. ജില്ലയിലെ നഗരസഭകളിലും ഗ്രാമ- ബ്ലോക്ക് -ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികൾ അവസാനഘട്ടത്തിലാണ്. സ്ഥാനാർത്ഥികൾക്ക് ആവേശം പകരാൻ പ്രമുഖ നേതാക്കളുടെ റോഡ് ഷോകളും ഇന്നലെയുണ്ടായിരുന്നു. കുടുംബ യോഗങ്ങളും ബൂത്ത് യോഗങ്ങളും രാത്രി വൈകിയും സംഘടിപ്പിച്ചു. ചിലയിടങ്ങളിൽ ബെെക്ക് റാലികളും പാട്ടുമെല്ലാമുണ്ട്. വോട്ടർമാർക്ക് സ്ലിപ്പെത്തിക്കുന്നതിലും ഇ.വി.എം ഡമ്മി ഉപയോഗിച്ച് സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പരിചയപ്പെടുത്തലുമായി സ്ക്വാഡ് പ്രവർത്തനവും മുന്നണികൾ മത്സരിച്ചാണ് നടത്തുന്നത്. പരമ്പരാഗത പ്രചാരണത്തിന് പുറമേ സമൂഹമാദ്ധ്യമങ്ങളിലും പ്രചാരണം തകൃതിയാണ്. വാട്സാപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളുടെ വോട്ടഭ്യത്ഥനയും റീലുകളുമാണ്. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ അടുത്ത 24 മണിക്കൂർ ഊണും ഉറക്കവുമില്ലാത്ത നിശബ്ദ പ്രചാരണമാണ്.