ഏഴ് ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ്

Tuesday 09 December 2025 12:00 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴു ജില്ലകളിലായി 1.32 കോടി വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിധിയെഴുത്ത്. ആകെ 36,630 സ്ഥാനാർത്ഥികൾ. 15,432 പോളിംഗ് സ്റ്റേഷനുകൾ. ഇതിൽ 480 ബൂത്തുകൾ പ്രശ്നബാധിതം. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് ആറുവരെ. സ്ഥാനാർത്ഥികളിൽ 17,056 പുരുഷന്മാർ. 19,573 സ്ത്രീകൾ. ഒരു ട്രാൻസ്‌ജെൻഡർ.

വൈകിട്ട് 6വരെ പോളിംഗ് ബൂത്തിലെത്തുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഒരു വോട്ടു മാത്രം. ത്രിതല പഞ്ചായത്തിൽ- ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകൾ രേഖപ്പെടുത്തണം. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പ്.