കേരള രജിസ്ട്രാറുടെ സസ്പെൻഷൻ: ഹർജി തീർപ്പാക്കി

Monday 08 December 2025 11:43 PM IST

കൊച്ചി: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടും വൈസ് ചാൻസലർ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.

സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി സിൻഡിക്കേറ്റ് യോഗം ചേർന്ന് തീരുമാനിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് നടപ്പായ സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുൺ ഹർജി തീർപ്പാക്കിയത്. സിൻഡിക്കേറ്റ് തീരുമാനം വി.സി, ചാൻസലറുടെ തീരുമാനത്തിന് വിട്ടതിനെയാണ് ചോദ്യം ചെയ്യുന്നത്. ഈ വിഷയം ഹൈക്കോടതിയുടെ പരിധിയിലല്ലെന്ന് കോടതി വ്യക്തമാക്കി. ജൂൺ 25ന് സർവകലാശാല സെനറ്റ് ഹാളിൽ പത്മനാഭസേവാ ഭാരതി ഗവർണറെ പങ്കെടുപ്പിച്ച് നടത്തിയ സെമിനാറിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്നാണ് രജിസ്ട്രാറെ വി.സി സസ്‌പെൻഡ് ചെയ്തത്. കോടതി നിർദ്ദേശപ്രകാരം നവംബർ ഒന്നിന് വി.സി യോഗം വിളിച്ചു ചേർക്കുകയും സിൻഡിക്കേറ്റ് സസ്‌പെൻഷൻ പിൻവലിക്കുകയും ചെയ്തു. ഈ തീരുമാനം വി.സിക്ക് ബാധകമായിരിക്കെ, ഇതിന് തയ്യാറാകാതെ ചാൻസലറുടെ അഭിപ്രായത്തിനു വിട്ടെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം.