ജാതി അധിക്ഷേപം: സംസ്കൃത പ്രൊഫസർക്ക് മുൻകൂർജാമ്യം

Monday 08 December 2025 11:45 PM IST

തിരുവനന്തപുരം: ജാതി അധിക്ഷേപം നടത്തിയെന്ന കേസിൽ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവി ഡോ: സി.എൻ. വിജയകുമാരിക്ക് നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. ഗവേഷക വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ വിപിൻ വിജയന്റെ പരാതിയിലാണ് കേസെടുത്തത്.

8വരെ അറസ്റ്റ് വിലക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ജില്ലാ കോടതിയെ വിജയകുമാരി മുൻകൂർജാമ്യ ഹർജിയുമായി സമീപിച്ചത്. ഡീൻ കൂടിയായ വിജയകുമാരിക്ക് ജാമ്യം അനുവദിക്കുന്നത് ജാതി അധിക്ഷേപ കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാക്കുമെന്നും അതിനാൽ ജാമ്യം നിഷേധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിപിൻ വിജയൻറെ പിഎച്ച്ഡി ഓപ്പൺ ഡിഫൻസിൽ ക്രമക്കേടുണ്ടെന്നും ബിരുദം നൽകരുതെന്നും ആവശ്യപ്പെട്ട് ഡോ.വിജയകുമാരി വി.സിക്ക് കത്ത് നൽകിയതിന് പിന്നാലൊയാണ് പരാതിയുണ്ടായത്. ബിരുദം നൽകുന്നത് വിസി സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.