അതിജീവിതയ്ക്കൊപ്പമെന്ന് ഡബ്ളിയു.സി.സി, നിയമം നീതിയുടെ വഴിക്കെന്ന് അമ്മ
കൊച്ചി: നീതിക്കായി കാത്തിരുന്ന യുവനടിക്ക് പിന്തുണ ആവർത്തിച്ച് സിനിമയിലെ വനിതാ കൂട്ടായ്‌മ (ഡബ്ളിയു.സി.സി). 'അവൾക്കൊപ്പം" എന്ന ഹാഷ് ടാഗിലാണ് പ്രതികരണം. 'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ. കോടതിയെ ബഹുമാനിക്കുന്നു" എന്നായിരുന്നു 'അമ്മ"യുടെ ഒറ്റവരി പ്രതികരണം.
അതിജീവിത വിധിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇനിയെന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്ന് നടിയുമായി അടുപ്പമുള്ളവർ പറഞ്ഞു. ദുരനുഭവത്തെ നേരിട്ട അവൾ ഇനിയും പ്രതികരിക്കുമെന്നും അവർ പറഞ്ഞു.
ഡബ്ളിയു.സി.സി
ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. അവൾ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തെയും കേരളക്കരയെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സമൂഹ മനഃസാക്ഷിയിൽ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദമുയർത്തുകയും ചെയ്‌തു. ഈ കാലയളവിലുടനീളം നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധശേഷിക്കും സമാനതകളില്ല. ഞങ്ങൾ അവൾക്കൊപ്പം.
പ്രതികരിക്കാതെ അഡ്വ.ടി.ബി. മിനി
നടിയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി വിധിയെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിച്ച ടി.ബി. മിനി ഉറച്ച പ്രതീക്ഷയായിരുന്നു പങ്കുവച്ചത്.
ഭാഗ്യലക്ഷ്‌മി
നേരത്തെ എഴുതിവച്ച വിധിയായതിനാൽ ഇതിനപ്പുറമൊന്നും പ്രതീക്ഷിച്ചില്ല. കൈയിൽ കിട്ടിയ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ പരിഗണിക്കാത്ത വിധി. എത്ര നിഷ്‌കളങ്കൻ എന്നു പറഞ്ഞാലും ഞങ്ങളത് വിശ്വസിക്കില്ല. എന്തുകൊണ്ട് ഈ വിധിയെന്ന് ചോറുണ്ണുന്ന മലയാളികൾക്കെല്ലാം അറിയാം. വിധി പറയുമ്പോൾ അവളോടൊപ്പമായിരുന്നു. ജീവിതകാലം മുഴുവൻ അങ്ങനെ തന്നെയാകും.
പാർവതി തിരുവോത്ത്
എന്ത് നീതി? സൂക്ഷ്‌മമായി ഒരുക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെട്ടതാണ് നമ്മളിപ്പോൾ കാണുന്നത്. അതിജീവിതയ്‌ക്കൊപ്പം എന്നുമുണ്ടാകും.
റിമ കല്ലിങ്കൽ
അവൾക്കൊപ്പം. എല്ലാക്കാലവും കൂടുതൽ ശക്തിയോടെ. ഇന്നും എന്നും
രമ്യ നമ്പീശൻ
അവൾക്കൊപ്പം
നാദിർഷ
സത്യമേവ ജയതേ
രാജീവ് ആലുങ്കൽ
സത്യം ജയിച്ചു. സത്യമേ ജയിക്കൂ.