പോക്സോ കേസിൽ 42 കാരന് അറുപത്തിയേഴര വർഷം കഠിനതടവ്

Tuesday 09 December 2025 12:06 AM IST

കൊല്ലം: അയൽവാസിയായ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയം അതിക്രമിച്ചുകയറി സ്വന്തം വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷവും 6 മാസവും കഠിന തടവും 4.15 ലക്ഷം രൂപ പിഴയും. അഞ്ചാലുംമൂട് ജയന്തി കോളനിയിൽ രാജയെയാണ് (42) കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 17 മാസവും 17 ദിവസവും അധിക ശിക്ഷ അനുഭവിക്കണം.

പിഴ തുക മുഴുവൻ അതിജീവിതയ്ക്ക് നൽകണം. വിക്ടിം കോമ്പൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. അഞ്ചാലുംമൂട് എസ്.എച്ച്.ഒ അനിൽകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ജി. ബിനുവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് ആർ. സരിത ഹാജരായി. എ.എസ്.ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപൻ, കെ.ജെ. ഷീബ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.