അന്വേഷണ ഉദ്യോഗസ്ഥൻ സേനയിലെ സമർത്ഥൻ

Tuesday 09 December 2025 1:06 AM IST

കൊച്ചി: കേരളം നടുങ്ങിയ കേസിൽ അതിജീവിതയ്‌ക്ക് കരുത്തു പകർന്നതും പൾസർ സുനിയടക്കം ആറ് പ്രതികൾക്ക് ഇരുമ്പഴി ഉറപ്പാക്കി​യതും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസി​ന്റെ മി​കവ്. എന്നാൽ, ഗൂഢാലോചനയുടെ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷന്റെ പരാജയം സേനയിലെ സമർത്ഥനായ ഉദ്യോഗസ്ഥന്റെ പേരിന് കളങ്കമായി. പിന്നിൽ ക്വട്ടേഷനാണെന്നുള്ള ബൈജുവിന്റെ കണ്ടെത്തലാണ് കേസിന്റെ ഗതിതന്നെ മാറ്റിയത്.

2017ൽ പെരുമ്പാവൂർ സി.ഐ ആയിരിക്കെയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതല ഏൽക്കുന്നത്. സർവീസ് കാലയളവിൽ പരിചയപ്പെട്ട കറപുരളാത്ത എസ്‌.ഐമാരെയും കോൺസ്റ്റബിൾമാരെയും ഉൾപ്പെടുത്തി സ്വന്തം ടീമിനെ തിരഞ്ഞെടുത്തു. പിന്നീടുള്ള ഓരോ നീക്കവും ചടുലമായിരുന്നു. പ്രതികളെ ഓരോരുത്തരെയായി പൊക്കി. കീഴടങ്ങാൻ എത്തിയ ഒന്നാം പ്രതി പൾസർ സുനിയെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കാൻ കഴിയുന്നത്ര ശക്തമായിരുന്നു ബൈജുവിന് കീഴിലെ അന്വേഷണ സംഘം. ജയിലിൽ നിന്ന് സുനി എഴുതിയ കത്തും ഫോൺ വിളികളും പിന്തുടർന്നുള്ള അന്വേഷണമാണ് ദിലീപിൽ എത്തിച്ചത്.

ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് ബൈജു പൗലോസ് സേനയ്‌ക്ക് പുറത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം നേടിയിട്ടുണ്ട്. നിലവിൽ തീവ്രവാദ വിരുദ്ധ സേനയിൽ ഡിവൈ.എസ്.പിയാണ്. ബൈജു പൗലോസടക്കം ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയാണ് ദിലീപ്.