പൊലീസിനും മഞ്ജുവിനും എതിരെ ദിലീപ്: ഗൂഢാലോചന നടന്നത് തനിക്കെതിരെ
കൊച്ചി: സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും മഞ്ജുവാര്യർ പറഞ്ഞതു മുതലാണ് തനിക്കെതിരെ ഗൂഢാലോചനകൾ തുടങ്ങിയതെന്ന് ദിലീപ് പറഞ്ഞു. വിധി കേട്ട് പുറത്തിറങ്ങിയ ദിലീപ് മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ ഇടയ്‌ക്ക് വികാരാധീനനായി.
ഉയർന്ന മേലുദ്യോഗസ്ഥയും ഒരുസംഘം ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് കേസുണ്ടാക്കിയത്. മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. അത് പ്രചരിപ്പിക്കാൻ ചില മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും കൂട്ടുപിടിച്ചു. ഇതാണ് കോടതിയിൽ പൊളിഞ്ഞത്. കൂടെനിന്ന എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും കാണാത്തതും കേൾക്കാത്തതുമായ ലക്ഷക്കണക്കിന് ആളുകളോടും നന്ദി പറയുന്നു.
ഒൻപതര വർഷക്കാലം തനിക്കുവേണ്ടി യത്‌നിച്ച അഭിഭാഷകരോടും ദിലീപ് നന്ദി പറഞ്ഞു. അഡ്വ. ബി. രാമൻപിള്ളയോട് ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്നു. സുപ്രീം കോടതിയിൽ തനിക്കുവേണ്ടി ഹാജരായ മുകുൾ റോഹ്‌തഗി, രഞ്ചിത റോഹ്‌തഗി, പ്രഗ്യമാം വംശി, അഡ്വ. സുജേഷ് മേനോൻ, കോളേജ് കാലത്ത് തന്റെ സീനിയർ ആയിരുന്ന ഫിലിപ്പ് ടി. വർഗീസ്, അഭിഭാഷകരായ ശുഭ, നിത്യ തുടങ്ങി എല്ലാവരോടും നന്ദിയുണ്ടെന്ന് ദിലീപ് പറഞ്ഞു.