നടി കേസ്: ഗൂഢാലോചന തെളിയാത്തത് അന്വേഷണത്തിലെ അപര്യാപ്തതയാകാം

Tuesday 09 December 2025 1:42 AM IST

നടി കേസിൽ ദിലീപിനെതിരായ ഗൂഢാലോചന തെളിയാത്തത് അന്വേഷണത്തിലെ പോരായ്മകൾ കൊണ്ടാകാമെന്ന് നിയമവിദഗ്ദ്ധർ. മുഖ്യപ്രതികളായ ആറു പേർ ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷന്റെ പരാജയമായി കാണാനാകില്ല. ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാനുള്ള ചേരുവകൾ അന്വേഷണ സംഘത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു വേണം കരുതാൻ.

ക്രിമിനൽ ഗൂഢാലോചനയെന്നു പറയുമ്പോൾ, കുറ്റകൃത്യത്തിനു വേണ്ടി ഒരാൾ മറ്റൊരാളുമായോ ഒന്നിലധികം പേരുമായോ ഉണ്ടാക്കുന്ന ധാരണയാണ്. കരാർ നടപ്പാക്കുമ്പോൾ മുഖ്യപങ്കുള്ളവ‌ർക്കൊപ്പം ഇയാൾക്കും ഉത്തരവാദിത്വമുണ്ടാകും. ഉദാഹരണത്തിന്, തിരുവനന്തപുരത്തു നിന്ന് ഒരു ട്രെയിൻ അട്ടിമറി പദ്ധതിയിട്ട് യാത്ര ചെയ്യുന്ന സംഘത്തിലെ ചിലർ ഇടയിലുള്ള സ്റ്റേഷനുകളിൽ ഇറങ്ങിപ്പോവുകയും ശേഷിക്കുന്നയാൾ തൃശൂരിൽ വച്ച് കൃത്യം നടപ്പാക്കുകയും ചെയ്താൽ, അട്ടിമറി നടത്തിയ ആൾ ചെയ്ത കുറ്റമെല്ലാം ഗൂഢാലോചനയിലെ മറ്റ് പങ്കാളികളിലും ചുമത്താനാകും.

ഈ കേസിൽ ഒന്നാം പ്രതി സുനിയും എട്ടാം പ്രതി ദിലീപും തമ്മിലുള്ള ഗൂഢാലോചന തെളിഞ്ഞിട്ടില്ല. എന്നാൽ ഒന്നാം പ്രതി, മറ്റ് 5 പ്രതികളുമായി ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് പറയുന്നു. അതെങ്ങനെ സംഭവിക്കും? കാരണം ഒരേ ഗൂഢാലോചനയാണല്ലോ പല വഴിക്ക് നടന്നിരിക്കുന്നത്. ഈ ഉപവഴികളെല്ലാം പ്രധാന ഗൂഢാലോചനയിലല്ലേ ലയിക്കുന്നത്? തെളിയിക്കുന്നതിൽ എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിരിക്കാം. അന്തിമ വിധിയിൽ കോടതി വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കാം.

കുറ്റക്കാരെന്നു കണ്ടവർക്ക് കടുത്ത ശിക്ഷയുണ്ടാകും. ചുമത്തിയ കുറ്റങ്ങൾക്ക് കൂടിയ ശിക്ഷ ജീവപര്യന്തമാണ്. കുറ്റകൃത്യം സംഭവിച്ച കാലഘട്ടത്തിൽ കുറഞ്ഞ ശിക്ഷ 7വർഷം തടവായിരുന്നു. 2018ലെ ഭേഗഗതിയിലൂടെ ഇത് 20 വർഷമാക്കിയിട്ടുമുണ്ട്.

(ഹൈക്കോടതിയിൽ അഭിഭാഷകനാണ് ലേഖകൻ)