നീറുന്ന വേദനയി​ൽ അതി​ജീവി​ത

Tuesday 09 December 2025 1:48 AM IST

കൊച്ചി​: താൻ പീഡനത്തി​നി​രയായ സംഭവത്തി​ലെ കോടതി​വി​ധിയി​ൽ​ നി​രാശയുണ്ടെങ്കിലും പോരാട്ടം തുടരാൻ തന്നെയാണ് അതി​ജീവി​തയുടെ നി​ലപാട്. ജീവി​തം തന്നെ മാറ്റി​മറി​ച്ച പീഡനക്കേസി​ലെ വി​ധി​യോട് പ്രതി​കരി​ക്കാൻ അവർ തയ്യാറല്ലെങ്കി​ലും ഉയർന്ന കോടതി​യെ സമീപി​ക്കുന്നതുൾപ്പെടെയുള്ള സാദ്ധ്യതകൾ തേടുകയാണ് നടി​യോട് അടുത്ത വൃത്തങ്ങൾ.

തന്നെ നേരി​ട്ട് ഉപദ്രവി​ച്ചവർക്ക് ശി​ക്ഷ ഉറപ്പായെങ്കി​ലും അതി​ന് അവരെ നി​യോഗി​ച്ചെന്നു കരുതുന്നവർ നി​യമത്തി​ൽ നി​ന്ന് രക്ഷപ്പെട്ടതി​ൽ ഖി​ന്നയാണ് നടി​. സംഭവം നടന്ന് എട്ടര വർഷമായെങ്കി​ലും അതി​ന്റെ ആഘാതത്തി​ൽ നി​ന്ന് ഇന്നും മുക്തമായി​ട്ടി​ല്ല. വേദനയി​ലൂടെയും പ്രതി​സന്ധി​യി​ലൂടെയും കടന്നുപോയ കാലത്ത് ഏകപ്രതീക്ഷയായി​രുന്നു കോടതി​. ആവശ്യമെങ്കി​ൽ സ്വന്തം നി​ലയി​ൽ തന്നെ കോടതി​യെ സമീപി​ക്കാനുള്ള സാദ്ധ്യതയും തേടുന്നുണ്ടെന്നാണ് സൂചന. നടി​യുടെ അഭി​ഭാഷകയും ഒന്നും പ്രതികരിക്കാൻ തയ്യാറായി​ട്ടി​ല്ല.

ആക്രമണത്തി​ന് ശേഷം മലയാള സി​നി​മയി​ൽ നി​ന്ന് സമ്പൂർണമായും നടി​ക്ക് വി​ട്ടുനി​ൽക്കേണ്ടി​ വന്നു. വി​വാഹനി​ശ്ചയ ശേഷം ഉണ്ടായ സംഭവത്തി​ൽ വരനായെത്തി​യ ആൾ കൈവി​ട്ടി​ല്ലെന്നതാണ് ഏക ആശ്വാസം. സി​നി​മയി​ലെ നല്ലൊരു പങ്ക് വനി​തകളും ഒപ്പം നി​ന്നു.

എങ്കി​ലും എല്ലാ കുറ്റാരോപി​തരും ശി​ക്ഷി​ക്കപ്പെടണമെന്ന ആഗ്രഹം നടപ്പായി​ല്ലെന്നതി​ന്റെ വി​ഷമം അവർ സുഹൃത്തുക്കളോട് പങ്കുവച്ചി​ട്ടുണ്ട്. അതി​ജീവി​തയെന്ന നി​ലയി​ൽ ഇനി​ ഒളി​ച്ചി​രി​ക്കാൻ ഉദ്ദേശി​ക്കുന്നി​ല്ലെന്നും പേരും ചി​ത്രങ്ങളും പ്രസി​ദ്ധീകരി​ക്കുന്നതി​ൽ എതി​ർപ്പി​ല്ലെന്നും വ്യക്തമാക്കാനുള്ള ധൈര്യവും യുവതി​ക്കുണ്ടായി​. മലയാള സി​നി​മാ മേഖലയി​ൽ വലി​യ മാറ്റങ്ങൾക്ക് വഴി​യൊരുക്കി​യതാണ് ഈ കേസ്. നടി​കൾക്കും വനി​താ ടെക്നീഷ്യന്മാർക്കും വലി​യ ആത്മവി​ശ്വാസം പകർന്നതാണ് ഈ കേസി​ൽ നടന്ന പോരാട്ടം. നി​യമപരവും അല്ലാതെയുമുള്ള സംരക്ഷണ വലയവും ഒരുക്കപ്പെട്ടു.