ശ്രീലേഖയുടെ തുറന്നുപറച്ചിൽ അന്ന് വിവാദം, ഇന്ന് ശ്രദ്ധേയം
കൊച്ചി: 2017 ജൂൺ 10. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിലായ ദിവസം. അന്ന് ജയിൽ മേധാവിയായിരുന്നു ഇന്ന് തിരുവനന്തപുരം നഗരസഭയിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആർ. ശ്രീലേഖ. നടിക്ക് അതിക്രമം നേരിട്ടതുമുതൽ അതിജീവിതയ്‌ക്കൊപ്പം നിലയുറപ്പിച്ച അവർ ഒറ്റയടിക്ക് ദിലീപ് പക്ഷത്തേക്ക് ചാഞ്ഞു. അതിന് ഒറ്ര കാരണമേ ഉണ്ടായിരുന്നുള്ളൂ. ആലുവ സബ് ജയിലിൽവച്ച് ദിലീപുമായുള്ള കൂടിക്കാഴ്ചയും തുടർന്ന് കേസിൽ തനിയെ നടത്തിയ അന്വേഷണവും.
കേസ് കെട്ടിച്ചമച്ചതാണെന്നും ദിലീപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും ശ്രീലേഖയുടെ കണ്ടെത്തൽ. വിരമിച്ച ശേഷം ഇക്കാര്യം സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
``കേസ് തീർന്നിട്ട് പറയാമെന്നാണ് കരുതിയത്. കേസ് ചീട്ടുകൊട്ടാരംപോലെ തകരുമെന്ന ഉൾവിളി വന്നതോടെയാണ് തുറന്നുപറയുന്നത്. ദിലീപിനെ അവശനിലയിൽ ജയിലിൽ കാണുന്നതുവരെ നടിക്കൊപ്പമാണ് നിന്നത്. കേസിനെക്കുറിച്ച് പഠിച്ചപ്പോൾ യാഥാർത്ഥ്യം മനസിലായി. തെളിവുകൾ സൃഷ്ടിച്ചതാണെന്ന് ഒരു ഡി.ഐ.ജിയാണ് പറഞ്ഞത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നു. ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്കറിയാം. പക്ഷേ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.``
ഇതിനെതിരെ നടി വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ശ്രീലേഖ ഒരടി പിന്നോട്ട് പോയില്ല. ജയിലിൽ ദിലീപിന് കരിക്ക് കുടിക്കാൻ നൽകിയതും മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തിയതും അന്ന് വലിയ വാർത്തയായി. മാനുഷിക പരിഗണനയുടെ പുറത്ത് ചെയ്ത സഹായമെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം.