ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗുണം ചെയ്‌തില്ല

Tuesday 09 December 2025 2:53 AM IST

കൊച്ചി: ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയും ഡിജിറ്റൽ തെളിവുകളും കേസിൽ ഗുണം ചെയ്‌തില്ലെന്ന് വ്യക്തമാക്കുന്നതാണ് വിധി. താൻ സംവിധാനം ചെയ്യുന്ന സിനിമ സംബന്ധിച്ച ചർച്ചയ്‌ക്ക് 2017 നവംബർ 17ന് ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയപ്പോഴാണ് ദിലീപ് നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കണ്ടത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രാഥമിക കുറ്റപത്രം സമർപ്പിച്ച ശേഷം ലഭിച്ച മൊഴി അന്വേഷണസംഘം കോടതിക്ക് സമർപ്പിച്ചിരുന്നു. ബാലചന്ദ്രകുമാർ വിശ്വസനീയനായ സാക്ഷിയാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്. ഗുരുതര കരൾരോഗം ബാധിച്ച ബാലചന്ദ്രകുമാർ കഴിഞ്ഞ ഡിസംബർ 13ന് മരിച്ചു.

എന്നാൽ,​ ബാലചന്ദ്രകുമാറിന്റെ മൊഴി അടിസ്ഥാനരഹിതമാണെന്നും സിനിമ നിർമ്മിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പകയാണ് മൊഴിക്ക് കാരണമെന്നും അഭിഭാഷകൻ വാദിച്ചത്.