മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ കൊമ്പൻ മുല്ലയ്ക്കൽ ബാലകൃഷ്ണൻ (62) ചരിഞ്ഞു. മതിൽക്കെട്ടിനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ ഇന്നലെ രാവിലെ 7മണിയോടെ ക്ഷേത്രത്തിലെ ശീവേലിക്കിടെ ചരിയുകയായിരുന്നു. ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ശ്വാസകോശ അസുഖമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ചികിത്സയിലായിരുന്നതിനാൽ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കൽ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം
തറക്കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987ൽ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കോടിയർച്ചനയ്ക്കുശേഷം മിച്ചം വന്ന തുക ഉപയോഗിച്ച് തൃശൂർ പാറമേക്കാവിൽ നിന്ന് വാങ്ങിയ ഗജവീരനെ 1988ലാണ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. വനംവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോന്നിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിനു ശേഷം കോന്നിയിൽ സംസ്കരിച്ചു.