ആദ്യ ഘട്ടത്തിൽ 71 ശതമാനം കടന്ന് പോളിംഗ്, രണ്ടാം ഘട്ട ജില്ലകളിൽ പരസ്യ പ്രചാരണവും അവസാനിച്ചു

Tuesday 09 December 2025 8:15 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സമയം അവസാനിച്ചപ്പോൾ പോളിംഗ് 71 ശതമാനം കടന്നു. പോളിംഗ് ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോൾ എറണാകുളമാണ് മുന്നിൽ (60%). പത്തനംതിട്ടയിലും തിരുവനന്തപുരത്തും പോളിംഗ് കുറവാണ്.

തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.

36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക.