സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ ഒരുങ്ങി പൊലീസ്

Tuesday 09 December 2025 8:15 AM IST

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയിൽ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. പി ടി കുഞ്ഞുമുഹമ്മദിന്റെ മൊഴിയും രേഖപ്പെടുത്തും. മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്.

ഡിസംബർ 13ന് ആരംഭിക്കുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഐഎഫ്എഫ്‍കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്.