'ദിലീപിന് നീതി ലഭിച്ചു, സർക്കാർ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനാൽ'; അടൂർ പ്രകാശ്

Tuesday 09 December 2025 9:17 AM IST

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട് അതിനാൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂ‌ർ പ്രകാശ്.

'നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ. എന്നാൽ, നീതി എല്ലാവർക്കും വേണം. ദിലീപിന് നീതി ലഭ്യമായി. കലാകാരൻ എന്നതിനേക്കാളപ്പുറം നേരിട്ട് ബന്ധമുള്ളയാളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ അറസ്റ്റ് രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്ന് ചിന്തിക്കുന്ന സർക്കാരാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയ്യാറായി നിൽക്കുന്ന സർക്കാരാണ് ഇവിടെ ഉള്ളത്' - അടൂർ പ്രകാശ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം യുഡിഎഫിന് അനുകൂലമാകുമെന്നും അടൂ‌ർ പ്രകാശ് വ്യക്തമാക്കി. 101 ശതമാനം പ്രതീക്ഷയുമായാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. അടൂർ മുനിസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും. എല്ലാ ഇടങ്ങളിലും തിരഞ്ഞെടുപ്പിൽ ഏകോപനമുണ്ടാക്കിക്കൊണ്ടാണ് കൺവീനറെന്ന നിലയിൽ മുന്നോട്ട് പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയമായി കാണുന്നത് ശബരിമലയിലെ തീവെട്ടിക്കൊള്ളയാണ്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.