വോട്ടർ പട്ടികയിൽ പേരില്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നാണിത്. ഭാര്യ സുൽഫത്തിന്റെ പേര് വോട്ടർ പട്ടികയിലുണ്ട്. പനമ്പള്ളി നഗറിലായിരുന്നു മുമ്പ് മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്നത്. അന്ന് പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും വോട്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പാണ് മമ്മൂട്ടി കുടുംബസമേതം എറണാകുളത്തേക്ക് താമസം മാറിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പൊന്നുരുന്നി സി കെ സി എൽപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. എത്ര തിരക്കാണെങ്കിലും അതെല്ലാം മാറ്റിവച്ച് വോട്ട് ചെയ്യാനെത്തുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി.
അതേസമയം, നടൻ ആസിഫലി അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി. തൊടുപുഴ നഗരസഭയിലെ പതിനേഴാം വാർഡിലെ വോട്ടറാണ് ആസിഫലി. നടിയും അവതാരകയുമായ മീനാക്ഷിയും വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മഷി പുരട്ടിയ ചൂണ്ടുവിരലിന്റെ ചിത്രമാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
നടി ചിപ്പിയും ഭർത്താവും നിർമാതാവുമായ രഞ്ജിത്തും തിരുവനന്തപുരം ജവഹർ നഗർ എൽ പി സ്‌കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കും കുടുംബത്തിനും ശാസ്തമംഗലത്തായിരുന്നു വോട്ട്. ഇത്തവണ തിരുവനന്തപുരം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.