വരുമാനം കൂട്ടാൻ പുത്തൻ സൂത്രം; അത്യാഡംബര സൗകര്യമുള്ള കാരവൻ; യാത്രാക്കൂലി പുറത്തുവിട്ട് ടൂറിസം വകുപ്പ്
പാട്ന: വിനോദ സഞ്ചാരികളെ ആകർഷിക്കാനായി സംസ്ഥാന സർക്കാരുകൾ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇപ്പോഴിതാ ആഡംബര കാരവൻ പുറത്തിറക്കിയിരിക്കുകയാണ് ബീഹാർ സർക്കാരിന്റെ ടൂറിസം വകുപ്പ്.
പ്രീമിയം 'ഹോട്ടൽ ഓൺ വീൽസ്' അനുഭവമാണ് ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. അത്യാഡംബര സൗകര്യങ്ങളാണ് ഈ കാരവനുകൾക്കുള്ളത്. സ്ലീപ്പർ ബെർത്തുകൾ, മിനികിച്ചൺ, വാഷ്റൂമുകൾ, എൽഇഡി ടിവികൾ, വൈഫൈ, ചൂട്/തണുത്ത വെള്ളം, സിസിടിവി, ഫയർ അലാറങ്ങൾ, ജിപിഎസ്, ഓട്ടോമേറ്റഡ് ഡോർ ലോക്കുകൾ തുടങ്ങിയ സൗകര്യങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്.
ബോധ്ഗയ, നളന്ദ, വാത്മീകി നഗർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിലവിൽ സർവീസ്. ഇതിലൂടെ കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഒരുമിച്ച് യാത്ര ചെയ്യാനും, ഒരുമിച്ച് പാചകം ചെയ്യാനും, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആസ്വദിക്കാനും അവസരം ലഭിക്കും.
കാരവന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. ഇൻഡക്ഷൻ, മൈക്രോവേവ്, വാട്ടർ ഫിൽറ്റർ, ഫ്രിഡ്ജ്, എന്നിവ ഉൾക്കൊള്ളുന്ന പൂർണമായും സജ്ജീകരിച്ച ഒരു മിനി അടുക്കള അടക്കം വീഡിയോയിൽ കാണാം. ഇരുന്നും കിടന്നുമൊക്കെ ടിവി കാണാം. നാല് പേർക്ക് വേണ്ടി രൂപകൽപ്പന ചെയ്ത കിടപ്പുമുറികളും ശുചിമുറികളും ദൃശ്യങ്ങളിലുണ്ട്. കിലോമീറ്ററിന് 75 രൂപയാണ് ഈടാക്കുക.
സർക്കാരിന്റെ ഈ ആശയത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ മികച്ച ആശയമാണെന്ന് പറയുന്നു. എന്നാൽ മറ്റുചിലർ പരിഹസിക്കുകയാണ് ചെയ്യുന്നത്. വാല്മീകിനഗർ പട്നയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയാണ്, കിലോമീറ്ററിന് 75 രൂപ... അതായത് ഏകദേശം 45,000 മുതൽ 50,000 വരെ ചിലവാകും. ആ പണമുണ്ടെങ്കിൽ ഞാൻ ബാങ്കോക്കിലേക്ക് പോകും.'- എന്നാണ് ഒരാളുടെ കമന്റ്.