എങ്ങും കനത്ത പോളിംഗ്; കൂടുതൽപേർ വോട്ട് രേഖപ്പെടുത്തിയത് ആലപ്പുഴയിൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 21.78 ആണ് പോളിംഗ് ശതമാനം. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ( 23.19). തിരുവനന്തപുരത്താണ് ഏറ്റവും കുറവ് ( 20. 01). സിനിമാ താരങ്ങളും രാഷ്‌ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ വോട്ടിടാനെത്തി. എല്ലായിടത്തും കനത്ത പോളിംഗാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ മൂന്ന് വോട്ട് ചെയ്യണം. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരു വോട്ടുമാണ്. ബാക്കിയുള്ള ഏഴ് ജില്ലകൾക്ക് വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്‌ച വോട്ടെണ്ണും.