കോൺഗ്രസ് വേട്ടക്കാരനൊപ്പമോ? അടൂർ പ്രകാശിന്റെ അഭിപ്രായത്തിൽ പൊട്ടിത്തെറി, ആയുധമാക്കി സിപിഎം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ കോൺഗ്രസ് നേതാക്കൾക്ക് ഭിന്നാഭിപ്രായം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അതിജീവിതയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ യുഡിഎഫ് കൺവീനറായ അടൂർ പ്രകാശ് ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസിൽ ദിലീപിന് നീതി ലഭ്യമായെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച സർക്കാരിനെയും അടൂർ പ്രകാശ് പരിഹസിച്ചു. സർക്കാരിന് വേറെ ജോലിയില്ലാത്തത് കൊണ്ടാണ് അപ്പീലുമായി പോകുന്നതെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ആരെ ഉപദ്രവിക്കാമെന്ന് നോക്കിനിൽക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
എന്നാൽ കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല, അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. വിധി പൂർണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടപ്പോൾ, കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ പ്രതികരിച്ചത്.
ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും അതിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നതിൽ സന്തോഷമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് ആരോപിച്ച സണ്ണി ജോസഫ് ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയിൽ കേസ് അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നും പറഞ്ഞു. അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി സണ്ണി ജോസഫ് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. കേസിൽ അപ്പീൽ നൽകണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. അടൂർ പ്രകാശിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേസിൽ ഗൂഢാലോചന തെളിയിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന്റെ പരാജയമാണെന്ന ആക്ഷേപം ശക്തമാണ്. ദിലീപിനെതിരെചുമത്തിയ ക്രിമിനൽ ഗൂഢലോചനയും മാനഭംഗത്തിന് ക്വട്ടേഷൻ നൽകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതിയും കണ്ടെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കുന്ന ഈ സമയത്ത് ഇത് സർക്കാരിനെതിരെ ആയുധമാക്കാനുള്ള അവസരം ലഭിച്ചിട്ടും മുതിർന്ന കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ സ്വീകരിച്ച നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണ്.
തൃക്കാക്കര എംഎൽഎയായിരുന്ന പിടി തോമസിന്റെ ഇടപെടലാണ് കേസിൽ ഏറ്റവും നിർണായകമായത്. പ്രതികൾ ഒരുതരത്തിലും രക്ഷപ്പെടരുതെന്ന് വാശി പിടി തോമസിനുണ്ടായിരുന്നു. ഇത് വെളിവാകുന്ന പ്രതികരണമാണ് അദ്ദേഹത്തിന്റെ പത്നി ഉമ തോമസ് എംഎൽഎ നടത്തിയത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ എത്രയോ തവണ ആ കുട്ടി പങ്കുവച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം എന്നാണ് ഉമ തോമസ് കുറിച്ചത്.
അതേസമയം, അടൂർ പ്രകാശിന്റെ നിലപാടിനെതിരെ ഇടത് നേതാക്കളും രംഗത്തെത്തി. അടൂർ പ്രകാശിന്റെ അഭിപ്രായം അവരുടെ പാർട്ടിയുടെ അഭിപ്രായമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ഈ കേസിൽ മേൽക്കോടതിയെ സമീപിക്കും. അതിജീവിതയ്‌ക്കൊപ്പമാണ് അന്നും ഇന്നും എന്നും. അടൂർ പ്രകാശിന്റെ അഭിപ്രായം ശരിയാണോയെന്ന് ജനം തീരുമാനിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. അടൂർ സ്വീകരിച്ച നിലപാട് സ്ത്രീ വിരുദ്ധമാണെന്ന് മുതിർന്ന നേതാവ് പികെ ശ്രീമതി പ്രതികരിച്ചു.
കേസിൽ അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടൻ ആസിഫ് അലി പ്രതികരിച്ചു. 'കോടതി വിധി സ്വീകരിക്കുന്നു. വിധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് കോടതി നിന്ദയാകും. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു എന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന് കാേടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്'-എന്നാണ് ആസിഫ് അലി പറഞ്ഞത്.