'സർക്കാർ അതിജീവിതയ്‌ക്കൊപ്പം, ഗൂഢാലോചനയുണ്ടെന്ന് ദിലീപ് പറഞ്ഞത് ചില  കാര്യങ്ങൾ  ന്യായീകരിക്കാൻ'; പ്രതികരിച്ച് മുഖ്യമന്ത്രി

Tuesday 09 December 2025 11:52 AM IST

തിരുവനന്തപുരം: സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'പൊതുസമൂഹവും സർക്കാരും അതിജീവിതയ്ക്കൊപ്പമാണ്. എന്തിനാണ് അപ്പീലിന് പോകുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറയുന്നത് കേട്ടു. എന്തിനാണ് അദ്ദേഹം അത്തരമൊരു പ്രതികരണം നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അടൂർ പ്രകാശിന്റെ അഭിപ്രായം കോൺഗ്രസിന്റെ അഭിപ്രായമാണ്.

പൊതുസമൂഹത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേസിൽ നിയമപരമായ പരിശോധന നടത്തി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഗൂഢാലോചന നടന്നുവെന്ന് ദിലീപ് പരാതി നൽകിയിട്ടില്ല. ചില കാര്യങ്ങൾ ന്യായീകരിക്കാനാണ് ദിലീപ് ഇങ്ങനെയെല്ലാം പറയുന്നത്. പൊലീസ് അവ‌ർക്ക് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്'- മുഖ്യമന്ത്രി പറഞ്ഞു.