ക്ഷേത്രത്തിൽ നിന്ന് സ്വർണ മോതിരം കിട്ടി; കൃഷ്ണ വിഗ്രഹത്തെ വിവാഹം കഴിച്ച് യുവതി
കൃഷ്ണ വിഗ്രഹത്തെ വിവാഹം കഴിച്ച യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിൽ നിന്നുള്ള 28കാരിയായ പിങ്കി ശർമ്മയാണ് കൃഷ്ണ വിഗ്രഹത്തെ പരമ്പരാഗത ഹിന്ദു ചടങ്ങ് പ്രകാരം വിവാഹം കഴിച്ചത്. മൂന്ന് മാസം മുൻപ് താൻ ബാങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ചെന്നും അവിടെ വച്ച് സ്വർണ മോതിരം പ്രസാദമായി ലഭിച്ചെന്നും യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അത് യാദൃശ്ചികമല്ലെന്ന് മനസിലാക്കി കൃഷ്ണ വിഗ്രഹത്തെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവതി വ്യക്തമാക്കിയത്. 'മീര' എന്ന നാമവും യുവതി സ്വീകരിച്ചിട്ടുണ്ട്. ഡിസംബർ ആറിനാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ലെഹങ്കയും ആഭരണവും അണിഞ്ഞ് യുവതി നിൽക്കുന്നതും കൃഷ്ണ വിഗ്രഹം കെെയിൽ ഇരിക്കുന്നതും ചിത്രത്തിൽ കാണാം. ബന്ധുക്കൾ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തിയിരുന്നു.
'വളരെക്കാലമായി മകൾക്ക് അനുയോജ്യനായ വരനെ തേടുകയായിരുന്നു. എന്നാൽ കൃഷ്ണൻ പറയുമ്പോൾ മാത്രമേ വിവാഹം കഴിക്കുവെന്നാണ് പിങ്കി പറഞ്ഞിരുന്നത്. തുടക്കത്തിൽ ഞങ്ങൾ അത് എതിർത്തു. പക്ഷേ സ്വർണ മോതിരം ലഭിച്ചതിന് ശേഷം ഞങ്ങൾ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു'- പിങ്കിയുടെ പിതാവ് പറഞ്ഞു. ഇപ്പോൾ പിങ്കിയുടെ ഏറ്റവും വലിയ ആഗ്രഹം വൃന്ദാവനത്തിൽ താമസിച്ച് കൃഷ്ണനെ ആരാധിക്കുകയെന്നതാണ്. ചെലവുകളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ദെെവം എല്ലാം നോക്കുമെന്നും യുവതി പറഞ്ഞു.