കേരളത്തിലെ എസ്‌ഐആർ രണ്ടാഴ്ച നീട്ടില്ല; അപേക്ഷ തള്ളി കോടതി
തിരുവനന്തപുരം : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ) നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. രണ്ട് ദിവസം മാത്രം നീട്ടിനൽകി. ഇത് രാഷ്ട്രീയ ആയുധമാക്കരുതെന്ന് കോടതി നിർദേശിച്ചു. നേരത്തെ കോടതി ഒരാഴ്ച നീട്ടിയിരുന്നു.
ക്രിസ്തുമസ് അവധിയും മറ്റും വരാൻ പോകുകയാണ്. അതിനാൽ രണ്ടാഴ്ച കൂടി നീട്ടണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടക്കം വാദം കേട്ടശേഷം രണ്ട് ദിവസം കൂടി നീട്ടാമെന്നും രണ്ടാഴ്ച നീട്ടാനാകില്ലെന്നും കോടതി അറിയിച്ചു.
സമയപരിധി ഒരാഴ്‌ച കൂടി നീട്ടിയിരുന്നെന്നും 97 ശതമാനം ഫോമുകളും ഇതിനോടകം തിരികെ വന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഇരുപത് ലക്ഷം പേരെങ്കിലും ഫോമുകൾ നൽകാനുണ്ടെന്നും വോട്ടർ പട്ടികയിൽ കുറേപ്പേർ ഇടം നേടാനുണ്ടെന്നുമായിരുന്നു സർക്കാർ വാദം.
എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവ പൂർവം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു. എസ് ഐ ആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
തുടർന്ന് ഒരാഴ്ച നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. ഇതുപ്രകാരം കരട് പട്ടിക 23നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും.